
കാസര്‍കോട്: ജില്ലയുടെ കോവിഡ്-19 ബാധിച്ചുള്ള മരണ നിരക്കായ 0.34 ശതമാനം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ്-19 പ്രതിരോധം, ആരോഗ്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് കാഞ്ഞങ്ങാട് എന്‍.എച്ച്.എം ഓഫീസില്‍ അവലോകനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിരോധത്തില്‍ ജില്ല വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി അഭിനന്ദിച്ചു. ലോക്ഡൗണ്‍ സമയത്ത് കൃത്യമായി ക്വാറന്‍ൈറന്‍ ചെയ്തു. ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കോവിഡിനെ നിയന്ത്രിക്കുന്നതില്‍ മുന്‍പന്തിയിലാണ് കാസര്‍കോട്. 23000 ലേറെ രോഗികളെയാണ് കാസര്‍കോട് ജില്ലയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അതില്‍ വലിയൊരു ശതമാനത്തിന് രോഗം മാറി. 872 പേരാണ് ഇപ്പോള്‍ ജില്ലയില്‍ കോവിഡ് രോഗികളായി ആശുപത്രികളിലോ ഹോം ഐസൊലേഷനിലോ ഉള്ളത്.

പൂര്‍ണമായി വളര്‍ച്ചയെത്തിയ മെഡിക്കല്‍ കോളജ് ഇല്ലാഞ്ഞിട്ടും ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും മറ്റ് ആശുപത്രികളും കോവിഡ് പ്രതിരോധത്തില്‍ കാണിച്ച ജാഗ്രത എടുത്തുപറയേണ്ടതാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം ജില്ലയിലെ ആരോഗ്യമേഖലയില്‍ പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിലും തസ്തികകള്‍ അനുവദിക്കുന്നതിലും വലിയ മുന്നേറ്റം നടത്തി. ഗവ. മെഡിക്കല്‍ കോളജിന് വേണ്ടിയുള്‍പ്പെടെ നാനൂറിലേറെ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.
ടാറ്റ കോവിഡ് ഹോസ്പിറ്റലിന് വേണ്ടി 190ലേറെ തസ്തികള്‍ സൃഷ്ടിച്ചു. ജനറല്‍ ആശുപത്രിയും ജില്ലാശുപത്രിയും വികസനത്തിന്‍റെ പൂര്‍ണതയിലേക്ക് വരികയാണ്. ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലേബര്‍ വിഭാഗം ദേശീയനിലവാരത്തിലേക്ക് മാറും. ഇവിടെ സര്‍ജറി വിഭാഗം പുതിയ കെട്ടിടോദ്ഘാടനം ഫെബ്രുവരിയില്‍ നടത്താനാണ് ആലോചന. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണവും ദ്രുതഗതിയിലാണ്. ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താനാവുമെന്നാണ് പ്രതീക്ഷ.
