
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന് അപായമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് ഇപ്പോള്‍ ആരില്‍ നിന്നും കോവിഡ് 19 പകരുന്ന അവസ്ഥയാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗികള്‍ കൂടുന്ന അവസ്ഥയില്‍ ചികിത്സിക്കാന്‍ ആശുപത്രികളില്‍ സ്ഥമില്ലാതെ വരുമെന്നും ഈ അവസ്ഥ മുന്നില്‍ കണ്ടാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗികള്‍ കൂടുന്ന അവസ്ഥ ഇനിയുമുണ്ടാകും. ഇത്തരം സെന്ററുകള്‍ പോലും തികയാതെ വരും. അതിനാല്‍ ജാഗ്രത തുടരണം മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിക്കൊപ്പം സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭാ മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും കോവിഡ് കെയര്‍ സെന്ററിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. മൂന്നാം ഘട്ടത്തിന്‍റെ തുടക്കത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത് വെറും 10 ശതമാനമായിരുന്നത് ഇപ്പോള്‍ കൂടിയിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് പതിമൂന്നോളം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കോവിഡ് ടെസ്റ്റ് റിസല്‍ട്ട് പോസിറ്റീവായ കേസുകളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമായി ഇല്ലാത്തവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കിടത്തി ചികിത്സിക്കുന്നത്.
