
സംസ്ഥാനത്ത് അഞ്ചു പേർക്ക് കൊറോണ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ പൊതുപരിപാടികളും റദ്ദാക്കി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്റ്റർ പി.ബി.നൂഹ് അറിയിച്ചു. അതേസമയം ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കൊറോണ ബാധിതർ കൊല്ലം, കോട്ടയം ജില്ലകളിലും സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്.

ഈ മാസം ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളും പിന്നീട്, കൊല്ലം ജില്ലയിലും സന്ദർശനം നടത്തിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നു പേർ ഉൾപ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
പത്തനംതിട്ട ജില്ലയിലെ റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതർ. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഫെബ്രുവരി 28 നാണ് ഇവർ വെനീസിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ഖത്തർ എയർവേയ്സിന്റെ QR 126 വെനീസ്-ദോഹ ഫ്ലൈറ്റിൽ രാത്രി 11.20 നാണ് ഇവർ ദോഹയിലെത്തിയത്.
