ഭയന്നില്ല ജാ​ഗ്രതയോടെ നേരിട്ടു; കൊറോണ വൈറസ് ആദ്യ​ഘട്ടം കേരളം നേരിട്ടതിങ്ങനെ; സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

  • Post category:health / news
  • Reading time:3 mins read
You are currently viewing ഭയന്നില്ല ജാ​ഗ്രതയോടെ നേരിട്ടു; കൊറോണ വൈറസ് ആദ്യ​ഘട്ടം കേരളം നേരിട്ടതിങ്ങനെ; സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയിലെ ആദ്യത്തെ നോവൽ കൊറോണ വൈറസ് ബാധയുണ്ടായപ്പോൾ കേരളം അത് നേരിട്ട സാഹചര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനുവരി 30നാണ് ഇന്ത്യയിലെ ആദ്യത്തെ നോവൽ കൊറോണ വൈറസ് ബാധയുണ്ടായത് കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്ന് എത്തിയതും തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതുമായ വിദ്യാർത്ഥിനിക്കാണ് ആദ്യ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഇക്കാര്യം ഉടൻ തന്നെ ആരോഗ്യമന്ത്രിതലത്തിൽ ചർച്ച ചെയ്യുകയും ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ആരോഗ്യവകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതിനാൽ ആദ്യ കേസോടെ തന്നെ രോഗം തിരിച്ചറിയാൻ പറ്റി. ഇതിലൂടെ രോഗപ്പകർച്ച തടയുന്നതിനും ആരംഭത്തിൽ തന്നെ ചികിത്സ തുടങ്ങാനും സാധിച്ചു. അടിയന്തര സംസ്ഥാന, ജില്ലാതല ആർ.ആർ.ടി.കൾ (റാപ്പിഡ് റെസ്‌പോൺസ് ടീം) വേഗം തന്നെ വിളിച്ചു ചേർക്കുകയും ആരോഗ്യമന്ത്രി, സെക്രട്ടറി, ഡിഎച്ച്എസ് എന്നിവർ അതേ ദിവസം തന്നെ തൃശൂർ ജില്ല സന്ദർശിക്കുകയും ജില്ലാതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ വേഗത്തിൽ ആസൂത്രണം ചെയ്യുകയും ചെയ്തു.

2020 ഫെബ്രുവരി ഒന്നു മുതൽ എൻ.സി.വി സാമ്പിളുകൾ പരിശോധിക്കുന്നതിനായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി യൂണിറ്റിൽ ക്രമീകരണങ്ങൾ നടത്തി. സംസ്ഥാന, ജില്ലാ കൺട്രോൾ റൂമുകളും കോൾ സെന്റ്‌റുകളും രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തനക്ഷമമാക്കി. നിയുക്ത ആശുപത്രികളിൽ കൂടുതൽ ഐസോലേഷൻ സൗകര്യങ്ങൾ തയ്യാറാക്കുകയും എല്ലാ ജില്ലകളിലെയും രണ്ട് ആശുപത്രികളെങ്കിലും ഐസോലെഷനും രോഗലക്ഷണ കേസുകൾ കൈകാര്യം ചെയ്യുന്നതിനു പ്രാപ്തമാക്കുകയും ചെയ്തു.

മാർഗനിർദേശങ്ങളനുസരിച് ലക്ഷണങ്ങളുള്ള രോഗികളെ പ്രവേശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളെ സജ്ജരാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി രണ്ടിനാണ് കേരളത്തിലെ രണ്ടാമത്തെ നോവൽ കൊറോണ വൈറസ് ബാധിച്ചതായുള്ള സ്ഥിരീകരണം പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്നത്. നോവൽ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഈ വിദ്യാർത്ഥി ചൈനയിൽ നിന്നും വന്നശേഷം ജനുവരി 24 മുതൽ ആലപ്പുഴയിൽ ഐസൊലേഷൻ ചികിത്സയിലായിരുന്നു.

ഫെബ്രുവരി മൂന്നിന് വുഹാനിൽ നിന്നുള്ള യാത്രാ ചരിത്രമുള്ള കാസര്‍കോട് നിവാസിയായ മൂന്നാമത്തെ വിദ്യാർത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി. അതേ തുടർന്ന് കൊറോണ വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളും അവലോകനവും കൂടുതൽ ശക്തമാക്കുകയും സംസ്ഥാന വിപത്തായി പരിഗണിച്ചുള്ള ജാഗ്രതാ നടപടികൾ നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ സിനിമാ തിയേറ്ററുകളിലും കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് വീഡിയോകൾ പ്രക്ഷേപണം ചെയ്തു. എല്ലാ വാർത്താ ചാനലുകളും എഫ്എമ്മും രോഗവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രക്ഷേപണം ചെയ്തു വരുന്നു. അവബോധ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചു. 40 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് ആരോഗ്യവകുപ്പ് സ്മാർട്ട് ക്ലാസ് മുറികളിലൂടെ അവബോധം നൽകുകയുണ്ടായി.

എയർപോർട്ടുകൾ, തുറമുഖങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും കർശന നിരീക്ഷണം ഉറപ്പാക്കി. തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് നിയമനടപടികൾ സ്വീകരിച്ചു. ശ്രദ്ധാപൂർവ്വമായ നടപടികളെ തുടർന്ന് കൂടുതൽ രോഗവ്യാപനം ഉണ്ടാകാതിരിക്കുകയും ഫെബ്രുവരി രണ്ടും മൂന്നും ആഴ്ചകളിലായി ആദ്യ ഘട്ടത്തിലുള്ള മൂന്നുപേർക്കും രോഗം ഭേദമാവുകയും അവർ ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ജാഗ്രതാ നടപടികൾ തുടർന്നു.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത്, ഇറാനിൽ നിന്ന് നേരിട്ടുള്ള ഫ്‌ളൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ സ്‌ക്രീൻ ചെയ്യാൻ ഗവ. നിർദ്ദേശിച്ചു. ചൈന, ഹോങ്കോംഗ്, തായ്‌ലന്റ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതൽ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോൾ 14 ദിവസത്തേക്ക് ഹോം ഐസോലെഷൻ നിർബന്ധമാക്കി.

ഫെബ്രുവരി 29ന് ഇന്ത്യാ ഗവണ്മെവന്റിന്‍റെ ജോയിന്റ് സെക്രട്ടറി സംസ്ഥാനം സന്ദർശിക്കുകയും സംസ്ഥാനം നടത്തിയ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിൽ കാബിനറ്റ് സെക്രട്ടറി ശ്രീ. രാജീവ് ദുബ എല്ലാ സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തി. കേരള ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം പ്രിൻസിപ്പൽ സെക്രട്ടറിയോട് ഒരു ലഘു അവതരണം നടത്താൻ ആവശ്യപ്പെട്ടു. കേരളം വികസിപ്പിച്ച എസ്.ഒ.പി. (Standard Operating Procedure)പിന്തുടരാൻ എല്ലാ സംസ്ഥാനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിരോധപ്രവർത്തനങ്ങളിലും മറ്റും ഇതര സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകാനും നിർദേശിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ വേഗത്തിൽ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരത്തിനായി നൽകുവാനായി ചീഫ് സെക്രട്ടറി കേന്ദ്ര കാബിനെറ്റ് സെക്രട്ടറിയോട് ദേശീയ തലത്തിൽ നടന്ന വീഡിയോ കോൺഫറൻസിൽ അഭ്യർത്ഥിച്ചു. ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം വർദ്ധിപ്പിക്കാനും കുവൈറ്റും, സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സർട്ടിഫിക്കറ്റ് നിഷ്‌കർഷിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുവാനും അഭ്യർത്ഥിച്ചു.

0Shares