
കൊച്ചി നിവാസികള്‍ പതിയെ വീടുകളില്‍ ഇരിപ്പുറപ്പിക്കാന്‍ തുടങ്ങി. ആളുകള്‍ കൂടുന്ന പൊതുയിടങ്ങള്‍ ഒഴിഞ്ഞു. കൊച്ചിയിലെ പ്രധാന സന്ദര്‍ശന കേന്ദ്രമായ ലുലുമാളിലും തിരക്ക് കുറഞ്ഞു. ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ലുലുമാളില്‍ ഇന്നലെ രാത്രിമുതല്‍ ആളുകളില്ല. ലുലുമാള്‍ അടക്കുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.
ആളുകള്‍ വരാത്ത അവസ്ഥ വന്നാല്‍ ലുലു മാളും അടക്കേണ്ടി വരും. ലുലു മാളിലെ പി.വി.ആര്‍ അടച്ചിട്ടു കഴിഞ്ഞു. കൊച്ചിയിലെ എല്ലാ തിയേറ്ററും അടച്ചിട്ട അവസ്ഥയാണ്. കൂടാതെ ഫോര്‍ട്ടു കൊച്ചിയിലെ ചരിത്ര സ്മാരകളും അടച്ചു. മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം.

ടൂറിസ്റ്റുകളുടെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളായ സെന്റ് ഫ്രാന്‍സിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി ജൂതപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങള്‍ സഞ്ചരിക്കാനെത്തിയ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ നിരാശയോടെ മടങ്ങി എന്നാണ് വിവരം.
അതേസമയം, പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. സ്ഥിതി മോശമായാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. കൊച്ചി ഷോപ്പുകളില്‍ മാസ്‌കും, സാനിടൈസറും കിട്ടക്കനിയാണ്. എവിടെയും സാധനം സ്റ്റോക്കില്ല.
