ബി.ബി.സി ഡോക്യുമെന്‍ററി ‘ദി മോദി ക്വസ്റ്റ്യന്‍’ സര്‍വകലാ ശാലകളിൽ പ്രദര്‍ശിപ്പിച്ചത് വിവാദം; ജെ.എന്‍.യുവില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞു, കേരളത്തിൽ പ്രദർശനം തുടരുന്നു

You are currently viewing ബി.ബി.സി ഡോക്യുമെന്‍ററി ‘ദി മോദി ക്വസ്റ്റ്യന്‍’ സര്‍വകലാ ശാലകളിൽ പ്രദര്‍ശിപ്പിച്ചത് വിവാദം; ജെ.എന്‍.യുവില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം തടഞ്ഞു, കേരളത്തിൽ പ്രദർശനം തുടരുന്നു

ന്യൂഡല്‍ഹി / കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെൻ്റെറിയുടെ പ്രദര്‍ശനം റദ്ദാക്കണമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) അധികൃതര്‍ വിദ്യാര്‍ത്ഥി യൂണിയനോട് ആവശ്യപ്പെട്ടു. കണ്ണൂർ സർവകാല ശാലയും പ്രദർശനം അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു.

കേരളത്തിൽ ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐയുടെയും ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കാമ്പസുകളിലും പൊതുയിടങ്ങളിലും പ്രദർശനം തുടരുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും ആർ.എസ്.എസും രംഗത്തിറങ്ങിയിട്ടുണ്ട്.

വിവാദ ഡോക്യുമെൻ്റെറി ഓഫീസില്‍ ചൊവ്വാഴ്‌ച പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്‌ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് അഡ്‌മിന്‍ തീരുമാനം. അതേസമയം, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ജനുവരി 21ന് യൂണിവേഴ്‌സിറ്റിക്കുള്ളില്‍ ബി.ബി.സി ഡോക്യുമെൻ്റെറിയുടെ പ്രദര്‍ശനം നടത്തിയെന്ന വിവരം പുറത്തുവന്നു.

പരിപാടി റദ്ദാക്കിയില്ലെങ്കില്‍ കര്‍ശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജെ.എന്‍.യു അഡ്‌മിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഡോക്യുമെൻ്റെറി നിയമപരമായി നിരോധിച്ചിട്ടില്ലാത്തതിനാല്‍, പ്രദര്‍ശനവുമായി മുന്നോട്ട് പോകുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റുഡന്റ്‌സ് യൂണിയന്‍ (ജെ.എന്‍.യുഎസ്‌.യു) വൃത്തങ്ങള്‍ അറിയിച്ചു. സ്റ്റുഡണ്ട് ഇസ്‌ലാമിക് ഓര്‍ഗനൈസേഷനും (എസ്‌.ഐ.ഒ) ഫ്രറ്റേണിറ്റി ഗ്രൂപ്പ് എന്നറിയപ്പെടുന്ന മുസ്ലീം സ്റ്റുഡണ്ട് ഫെഡറേഷനും ചേര്‍ന്നാണ് ഹൈദരാബാദില്‍ സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്. ഈ സംഘടനകളിലെ 50ലധികം വിദ്യാര്‍ത്ഥികള്‍ സ്ക്രീനിംഗില്‍ പങ്കെടുക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെൻ്റെറിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സര്‍ക്കാര്‍ വെള്ളിയാഴ്‌ച നിര്‍ദ്ദേശം നല്‍കിയിരുന്നു. വസ്തു നിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ഒരു “പ്രചാരണ ശകലം” എന്ന നിലയിലാണ് അതിനെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഡോക്യുമെന്‍ററിയുടെ പ്രവേശനം തടയാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിന് യൂണിയന് അനുമതി വാങ്ങിയിട്ടില്ലെന്നും ഇത് “സമാധാനത്തിനും ഐക്യത്തിനും” വിഘ്‌നമുണ്ടാക്കുന്നതിനാല്‍ അത് റദ്ദാക്കണമെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) അഡ്‌മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു.

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെൻ്റെറി രാത്രി 9 മണിക്ക് വിദ്യാര്‍ത്ഥി സംഘടനയുടെ ഓഫീസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂണിയന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നു. “ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍” എന്ന പേരില്‍ ഒരു ഡോക്യുമെൻ്റെറി പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ജെ.എന്‍.യു.എസ്‌.യുവിൻ്റെ പേരില്‍ ഒരു ലഘുലേഖ പുറത്തിറക്കിയതായി ഭരണകൂടത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടതായി സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞു. 24 ജനുവരി 2023, രാത്രി 9 മണിക്ക് പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്ന ഈ പരിപാടിക്ക് ജെ.എന്‍.യു ഭരണകൂടത്തില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.

0Shares