ഇഹ്‌സാന്‍ ജാഫ്രിയെ കോണ്‍ഗ്രസുകാരും സഹായിച്ചില്ല; ബി.ബി.സി ഡോക്യുമെൻ്റെറിയില്‍ ദൃക്‌സാക്ഷിയായ ഇംതിയാസ് പഠാൻ്റെ വെളിപ്പെടുത്തല്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ഇഹ്‌സാന്‍ ജാഫ്രിയെ കോണ്‍ഗ്രസുകാരും സഹായിച്ചില്ല; ബി.ബി.സി ഡോക്യുമെൻ്റെറിയില്‍ ദൃക്‌സാക്ഷിയായ ഇംതിയാസ് പഠാൻ്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെടും മുമ്പ് സഹായം അഭ്യര്‍ഥിച്ച മുന്‍ എം.പി ഇഹ്സാന്‍ ജാഫ്രിയെ കോണ്‍ഗ്രസുകാര്‍ പോലും സഹായിച്ചില്ലെന്ന് ബി.ബി.സി ഡോക്യുമെൻ്റെറി. സംഘപരിവാറുകാര്‍ വീടുവളഞ്ഞ് ഇഹ്സാന്‍ ജാഫ്രിയെ ആക്രമിക്കും മുമ്പ് അദ്ദേഹം നിരവധി കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെന്നും എന്നാല്‍ സഹായം നല്‍കിയില്ലെന്നും ദൃക്സാക്ഷിയായ ഇംതിയാസ് പഠാനാണ് ഡോക്യുമെൻ്റെറിയില്‍ വിവരിക്കുന്നത്.

ഡോക്യുമെൻ്റെറിയുടെ ആദ്യഭാഗത്തിൻ്റെ 18-ാം മിനിറ്റിലാണ് കോണ്‍ഗ്രസ് നേതാവിൻ്റെ അവസാന നിമിഷങ്ങളെ കുറിച്ച്‌ ഇംതിയാസ് പറയുന്നത്. ‘നൂറോളം പേര്‍ അഭയം തേടിയ ജാഫ്രിയുടെ വീട് കലാപകാരികള്‍ വളഞ്ഞപ്പോള്‍ അദ്ദേഹം രക്ഷയ്ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കളെ ഫോണില്‍ വിളിച്ചു. നിരാശയായിരുന്നു ഫലം.

പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല. ഒടുവിൽ അദ്ദേഹം നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. എന്നാല്‍, മോദി ദേഷ്യത്തോടെ പെരുമാറുകയാണ് ഉണ്ടായതെന്ന് ജാഫ്രി പറഞ്ഞു.

ആരും സഹായിക്കാനില്ലെന്ന് പറഞ്ഞ് ജാഫ്രി വീട്ടില്‍ നിന്ന് ഇറങ്ങി കലാപകാരികളോട് തന്നെ കൊന്നാല്‍ സന്തോഷം കിട്ടുമെങ്കില്‍ കൊന്നോളൂ എന്ന് പറഞ്ഞു. അവര്‍ അദ്ദേഹത്തെ കൊന്നു’- ഇംതിയാസ് വിവരിക്കുന്നു. എന്നാല്‍, ജാഫ്രി അവസാന നിമിഷം മോദിയെ ബന്ധപ്പെട്ടതിൻ്റെ തെളിവുകള്‍ കണ്ടെത്താൻ ആയില്ലെന്നായിരുന്നു അന്വേഷക സംഘത്തിൻ്റെ റിപ്പോര്‍ട്ട്. ഇഹ്സാന്‍ ജാഫ്രിയടക്കം 69 പേരാണ് 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ടത്.

0Shares