പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തു; സംഘർഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു, അശാന്തി പുകയുന്നു

You are currently viewing പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തു; സംഘർഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു, അശാന്തി പുകയുന്നു

പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഫലസ്തീൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്‌ത്‌, ജോർഡൻ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘർഷം ബാധിച്ചു
മൂന്നര മാസം പിന്നിട്ട ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘർഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു.

ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുമ്പോള്‍, ചെങ്കടലില്‍ ഹൂതികളും അമേരിക്കൻ നാവിക സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണ്. ചെങ്കടലില്‍ ഹൂതികളെ തുരത്താൻ കൂടുതല്‍ ശക്തമായ ഓപറേഷന് ഒരുങ്ങുകയാണ് അമേരിക്ക. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ലബനാനിലും ആക്രമണം നടത്തുന്നുണ്ട്.

മറുവശത്ത്, ജനുവരി മൂന്നിനുണ്ടായ ഭീകരാക്രമണത്തിൻ്റെ പ്രതികരണമെന്നോണം ഇറാനും അയല്‍രാജ്യങ്ങള്‍ക്ക് നേരെ രണ്ടുദിവസമായി കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇറാഖിലെ ഇസ്രായേല്‍ ചാര സംഘടനയായ മൊസാദിൻ്റെ ആസ്ഥാനത്തിന് നേരെയും സിറിയയില്‍ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ബുധനാഴ്‌ച പാകിസ്‍താനിലേക്കും ഇറാൻ മിസൈല്‍ പായിച്ചു.

മേഖലയിലെ ബലൂച് തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇറാൻ്റെ വാദം. ഫലത്തില്‍, പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങളായ ഫലസ്തീൻ, ഇറാൻ, ഇറാഖ്, സിറിയ, യമൻ എന്നീ രാജ്യങ്ങളെ നേരിട്ടും ഈജിപ്‌ത്‌, ജോർഡൻ തുടങ്ങിയ രാജ്യങ്ങളെ പരോക്ഷമായും സംഘർഷം ബാധിച്ചു.

ഫലസ്തീനില്‍ നരവേട്ടക്ക് അറുതിയില്ല

കഴിഞ്ഞദിവസം ഗസ്സയിലെ ഖാൻ യൂനുസിലുണ്ടായ ആക്രമണത്തിന് പിന്നാലെ ബുധനാഴ്‌ച വെസ്റ്റ് ബാങ്കില്‍ വ്യോമാക്രമണത്തില്‍ ഏഴുപേർ കൊല്ലപ്പെട്ടു. രണ്ട് അഭയാർഥി ക്യാമ്പുകള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. 85 ഫലസ്തീനികളെ ഇസ്രായേല്‍ തടവിലാക്കുകയും ചെയ്‌തു. ഖാൻ യൂനുസില്‍ 23 മരണം. ഗസ്സയില്‍ അഞ്ച് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേല്‍. ഒക്ടോബർ എട്ടിനുശേഷം കൊല്ലപ്പെട്ട ഫലസ്തീനികള്‍ കാല്‍ലക്ഷത്തിലേക്ക് കടന്നു.

ഗസ്സയിലെ ഇസ്രായേല്‍ ബന്ദികള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ കരാറായി. ഇതിൻ്റെ ഭാഗമായി മരുന്നുമായി ആദ്യ വിമാനം ഈജിപ്‌തിലെത്തി. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംഘർഷം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ഇറാൻ്റെ ഭീകരവിരുദ്ധ പോരാട്ടം

ജനുവരി മൂന്നിന് ദക്ഷിണ ഇറാനിലെ കിർമാനില്‍ 84 പേർ മരിച്ച ഭീകര ആക്രമണത്തെ തുടർന്ന് അയല്‍ രാജ്യങ്ങളുമായി ബന്ധം വഷളായി. കഴിഞ്ഞ ദിവസം ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയ ഇറാൻ ബുധനാഴ്‌ച പാക്കിസ്ഥാനിനിലും ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് കുട്ടികള്‍ മരിച്ചതായി പാക് വൃത്തങ്ങള്‍ പറയുന്നു.

ഡ്രോണ്‍ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലെ അസ്വാരസ്യം മൂർച്ഛിക്കാൻ കാരണമായി. പാകിസ്‍താനിലെ ഇറാൻ അംബാസഡറെ വിളിപ്പിച്ച്‌ വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടി. ജെയ്ഷെ അല്‍ അദ്ല്‍ എന്ന ബലൂചി ഭീകര സംഘടനയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനെതിരെ ഇറാഖ് ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്.

ചെങ്കടലിലെ പടനീക്കങ്ങള്‍, തിരിച്ചടികള്‍

ദിവസങ്ങള്‍ക്കിടെ മൂന്നാം തവണയും ഹൂതികള്‍ക്ക് നേരെ യു.എസ് ആക്രമണം. ഒരാഴ്‌ച മുമ്പാണ് യമനിലെ വിവിധ ഭാഗങ്ങളില്‍ യു.എസ്- യു.കെ സംയുക്ത വ്യോമാക്രമണം നടന്നത്. ഇറാനില്‍ നിന്ന് ഹൂതികള്‍ക്കുള്ള ആയുധങ്ങളെന്ന് ആരോപിച്ച്‌, യമനിലേക്ക് പോവുകയായിരുന്ന ബോട്ട് യു.എസ് നാവികസേന ആക്രമിച്ച്‌ തകർത്തു. ഒടുവില്‍ ഇസ്രായേലിലേക്ക് പോവുന്ന ഗ്രീക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടു. കാര്യമായ പരിക്കില്ലാത്തതിനാല്‍ യാത്ര തുടർന്നു. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്താൻ തിരക്കിട്ട നീക്കവുമായി ബൈഡൻ ഭരണകൂടം രംഗത്തെത്തി.

0Shares