
കാസര്‍കോട്: ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിൻ്റെ ഉദ്ഘാടന വേദിയില്‍ നിന്ന് ക്ഷുഭിതനായി ഇറങ്ങി പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്‌ടിയാണെന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് സംഘാടകരെ അറിയിക്കുകയായിരുന്നു ചെയ്‌തത്’- മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് തന്നെ നടന്ന പനയാല്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി കെട്ടിടത്തിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് അയാള്‍ അനൗണ്‍സ്‌മെണ്ട് നടത്താൻ തുടങ്ങി. ഞാൻ പിന്നെയും ഒരു വാചകം പറഞ്ഞതിന് ശേഷമാണ് സ്‌നേഹാഭിവാദ്യം എന്നുപറഞ്ഞ് അവസാനിപ്പിക്കുന്നത്. അപ്പോള്‍ അത് തീരുന്നതിന് മുമ്പ് എങ്ങനെയാണ് അനൗണ്‍സ്‌മെണ്ട് പറയുക. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുമ്പ് നിങ്ങള്‍ എങ്ങനെ അനൗണ്‍സ്‌മെണ്ട് നടത്തുമെന്ന് ചോദിച്ചു.

അപ്പോള്‍ അയാളത് കേള്‍ക്കുന്നില്ല. ഇത് വീണ്ടും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കില്ലേ?, ഇത് ചെയ്യാൻ പാടുണ്ടോ? ഞാൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടല്ലേ നിങ്ങള്‍ അനൗണ്‍സ് ചെയ്യാൻ പാടുള്ളൂ എന്ന് പറഞ്ഞു.’- മുഖ്യമന്ത്രി
‘അത് പറഞ്ഞ് ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോന്നു. അതിന് ഞാൻ പിണങ്ങി പോയെന്നാണ് വാര്‍ത്ത വന്നത്. ആരു പിണങ്ങിയെന്നാണ്? എന്ത് പിണക്കം? നിങ്ങള്‍ അങ്ങനെ പറഞ്ഞാല്‍ നാളെ ഞാൻ ഇതൊക്കെ പറയാതിരിക്കുമോ? ഒരാള്‍ ശരിയല്ലാതെ ഒരു കാര്യം ചെയ്‌താല്‍ അത് പറയേണ്ടത് എൻ്റെ ബാധ്യതയാണ്, അത് ഞാൻ പറഞ്ഞു, വീണ്ടും പറയും’- മുഖ്യമന്ത്രി വിശദീകരിച്ചു.
കാസര്‍കോട് ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്കിൻ്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗം കഴിയുന്നതിന് മുമ്പ് മൊമെണ്ടോ കൈമാറാൻ അനൗണ്‍സ്‌മെണ്ട് ചെയ്‌തപ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ചത്. ഇതോടെ മുഖ്യമന്ത്രി ഇതൊന്നും ശരിയല്ലെന്നും ചെവി കേട്ടുകൂടേയെന്നും ചോദിച്ച ശേഷം വേദി വിടുകയായിരുന്നു.
