

കാസറഗോഡ്: ഒത്തുചേരലിൻ്റെയും കൂട്ടായ്മയുടെയും ഓർമ്മ പുതുക്കിക്കൊണ്ട് ചിത്താരി ചാമുണ്ഡിക്കുന്ന് ശില്പി കലാകായിക കേന്ദ്രം ഓണ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചാമുണ്ഡികുന്ന് ഹരികുമാർ നഗറിൽ വച്ച് നടന്ന പരിപാടിയിൽ ക്ലബ്ബ് വനിത സമിതി അവതരിപ്പിച്ച തിരുവാതിര ഏറെ ജനശ്രദ്ധ നേടി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് ക്ഷേമനിധി അംഗം ഡോക്ടർ സി.കെ നാരായണ പണിക്കർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പ്രണവ് വാരിക്കാട് അധ്യക്ഷനായി. സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിജയികൾക്കുള്ള അനുമോദനവും ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. പി.കാര്യമ്പു, ഹസ്സൻ യാഫ, കെ.അനീഷ്, എം.വി അനൂപ്, ശാലിനി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രാജേഷ് മീത്തൽ സ്വാഗതവും ഖജാൻജി ജിത്തു മീത്തൽ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ അരങ്ങേറി.
