
സൈബര്‍ രംഗത്തുള്ള ഭീഷണികളെ നേരിടുന്നതിന് സൈബര്‍ കമാന്‍ഡോകളുടെ പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ പോലീസ് സേനയില്‍ നിന്നും കേന്ദ്ര പോലീസ് സംവിധാനങ്ങളില്‍ നിന്നുമാണ് സൈബര്‍ കമാന്‍ഡോകളെ തിരഞ്ഞെടുക്കുക. പോലീസ് സേനകളില്‍ നിന്ന് അനുയോജ്യരായ 10 സൈബര്‍ കമാന്‍ഡോകളെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും സമ്മേളനത്തില്‍ സൈബര്‍ കമാന്‍ഡോ വിഭാഗം രൂപവത്കരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുപാര്‍ശ ചെയ്‌തതോടെയാണ് ഇത്തരമൊരു ആശയം ഉയര്‍ന്നുവന്നത്. സൈബര്‍ സുരക്ഷയ്‌ക്കെതിരായ ഭീഷണികളെ ചെറുക്കാനും വിവര സാങ്കേതിക ശൃംഖലയ്ക്ക് പ്രതിരോധം തീര്‍ക്കാനും സൈബര്‍ ഇടങ്ങളില്‍ അന്വേഷണം നടത്താനും പുതിയ വിഭാഗം സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.
”2023 ജനുവരിയില്‍ നടന്ന ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിഭാഗം രൂപവത്കരിക്കുന്നതിനെ നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക പരിശീലനം നല്‍കിയ സൈബര്‍ കമാന്‍ഡോകള്‍ സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടുകയും വിവര സാങ്കേതിക മേഖലയില്‍ പ്രതിരോധം തീര്‍ക്കുകയും സൈബര്‍ ഇടങ്ങളിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്യും. പോലീസിൻ്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സൈബര്‍ സുരക്ഷാ ആവശ്യകതകള്‍ പരിപാലിക്കുന്നതിനായും ഇവ പ്രവര്‍ത്തിക്കും,”കത്തില്‍ പറയുന്നു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശം അനുസരിച്ച്, ഈ സൈബര്‍ കമാന്‍ഡോ വിഭാഗം പോലീസ് സേനകളുടെ അവിഭാജ്യഘടകമായിരിക്കും. ഐ.ടി സുരക്ഷ, ഡിജിറ്റല്‍ ഫൊറന്‍സിക് മേഖലകളില്‍ അറിവും അഭിരുചിയുമുള്ള ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും.
”സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും കേന്ദ്ര പോലീസ് സംഘടനകള്‍, സി.എ.പി.എഫുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഉചിതമായ പരിശീലനം ലഭിച്ചവരും പൂര്‍ണതോതില്‍ സജ്ജരുമായ അംഗങ്ങളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുക. ആവശ്യമെങ്കില്‍ ഇവര്‍ക്കൊപ്പം ഈ രംഗത്തു നിന്നുള്ള പ്രൊഫഷണലുമാരെയും അനുബന്ധമായി നല്‍കാവുന്നതാണ്.”
“ഐ.ടി സുരക്ഷ, ഡിജിറ്റല്‍ ഫൊറന്‍സിക്‌സ് എന്നീ മേഖലകളില്‍ നിലവിലുള്ള അറിവിൻ്റെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ എല്ലാ റാങ്കുകളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ‘സൈബര്‍ കമാന്‍ഡോകളെ’ തിരഞ്ഞെടുക്കുകയും പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിക്ക് വിധേയരാകുകയും ചെയ്യും,” കത്തില്‍ പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ട കമാന്‍ഡോകള്‍ക്ക് പരിശീലനം നല്‍കും. ഇതിന് പുറമെ സൈബര്‍ ഭീഷണികളെ നേരിടാന്‍ അവരെ സഹായിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കുകയും ചെയ്യും. രാജ്യത്തിൻ്റെ സൈബര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിൻ്റെ ഉത്തരവാദിത്തം അവര്‍ക്കായിരിക്കുമെന്നും കത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 14സി, കേന്ദ്ര ആഭ്യന്തരമന്ത്രാലം എന്നിവക്ക് പുറമെ ഈ രംഗത്തുനിന്നുള്ള മികച്ച സ്ഥാപനങ്ങളായിരിക്കും പരിശീലനം നല്‍കുക.
അതേസമയം, ഈ കമാന്‍ഡോകള്‍ അവരുടെ മാതൃസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ദേശീയ ചുമതലകള്‍ക്കായി നിയോഗിക്കുകയും ചെയ്യും, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തില്‍ കൂട്ടിച്ചേര്‍ത്തു.
