പി.എഫ്‌ ഓഫീസുകളോട്‌ കേന്ദ്രം; വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൈ മലര്‍ത്തുന്നു

You are currently viewing പി.എഫ്‌ ഓഫീസുകളോട്‌ കേന്ദ്രം; വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൈ മലര്‍ത്തുന്നു

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഇ.പി.എഫ്‌.ഒ ഇറക്കിയ സര്‍ക്കുലറുകള്‍ കടുത്ത ആശയക്കുഴപ്പം ഉണ്ടാക്കുമ്പോഴും ഒരു കാര്യത്തിലും വ്യക്തത വരുത്താന്‍ തയ്യാറാകാതെ അധികൃതര്‍. ഇ.പി.എഫ് പ്രാദേശിക ഓഫീസുകളില്‍ പെന്‍ഷന്‍കാരും ജീവനക്കാരും സംഘടനകളും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കയറിയിറങ്ങുമ്പോഴും ഉത്തരവാദപ്പെട്ടവര്‍ കൈ മലര്‍ത്തുന്നു. തങ്ങളല്ല ഡല്‍ഹിയില്‍ നിന്നാണ് പറയേണ്ടതെന്ന ഉത്തരമാണ് ലഭിക്കുന്നത്.

ഓപ്ഷന്‍ നല്‍കുന്നതിലടക്കം ഒരു വിവരവും പെന്‍ഷന്‍കാരോടോ ജീവനക്കാരോടോ വെളിപ്പെടുത്തുന്നില്ല. 2014ല്‍ ഓപ്ഷന്‍ കൊടുക്കാതെ പതിനായിരങ്ങള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാതിരുന്നതും ഇ.പി.എഫ്‌.ഒ മതിയായ വിവരങ്ങള്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാത്തതുകൊണ്ടാണ്.

2022 നവംബറിലെ സുപ്രീംകോടതി വിധിക്കുശേഷം വന്ന ഇ.പി.എഫ്‌.ഒ ഉത്തരവുപ്രകാരം, 2014 സെപ്തംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങാനുള്ള അര്‍ഹത തെളിയിക്കുന്ന രേഖ വേണം. എന്നാല്‍, പത്ത് വര്‍ഷമായി പെന്‍ഷന്‍ നല്‍കിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇനി എന്ത് രേഖയാണ് തങ്ങള്‍ ഹാജരാക്കേണ്ടതെന്ന് പെന്‍ഷന്‍കാര്‍ ചോദിക്കുന്നു. കോടതിവിധി പ്രകാരം ഉയര്‍ന്ന പെന്‍ഷന്‍ വാങ്ങിയിരുന്നവരുടെ പെന്‍ഷന്‍ പിടിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും വ്യക്തമല്ല. അവര്‍ക്ക് ഇനി ഓപ്ഷന്‍ നല്‍കാന്‍ പറ്റുമോ എന്നുമറിയില്ല.

2014ന് മുമ്പ് സര്‍വീസില്‍ കയറിയ, വിരമിച്ചവര്‍ക്കും ഇപ്പോള്‍ സര്‍വീസില്‍ തുടരുന്നവര്‍ക്കും ഹയര്‍ഓപ്ഷന്‍ നല്‍കാന്‍ ലിങ്ക് പുറത്തുവിട്ടെങ്കിലും അതിലും ആശയക്കുഴപ്പമാണ്. എന്ത്, എങ്ങനെ അപ്ലോഡ് ചെയ്യണമെന്നതില്‍ വ്യക്തതയില്ല. 26 (6) ഫോറം പൂരിപ്പിച്ച്‌ അപ്ലോഡ് ചെയ്യണമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു ഫോറം സംബന്ധിച്ച്‌ ആര്‍ക്കും ധാരണയില്ല. പലരും ഗൂഗിളില്‍ നിന്ന് കിട്ടുന്ന ഫോറങ്ങള്‍ പൂരിപ്പിച്ച്‌ അപ്ലോഡ് ചെയ്യുകയാണ്. അവ അംഗീകരിച്ചില്ലെങ്കില്‍ ഉയര്‍ന്ന പെന്‍ഷനുള്ള അര്‍ഹത ഇല്ലാതാകും. ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

0Shares