
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെയും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഔപചാരിക ഉൽഘാടന കർമ്മം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശംസുദ്ധീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എസ് നജീബ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. കാർത്യായനി എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ.സഹദ്ബിൻ ഉസ്മാൻ സ്വാഗതമാശംസിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ ലിയാക്കത്തലി എൻ. പി നന്ദി പ്രകാശിപ്പിച്ചു. ചിലവേറിയ ഡിജിറ്റൽ മാമ്മോഗ്രാം ഉൾപ്പടെ അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രജിസ്റ്റർ ചെയ്ത 100 സ്ത്രീകൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചതെങ്കിലും 200 നടുത്ത് ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന് മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ.വി.സി.രവീന്ദ്രൻ മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ റേഡിയോളജിസ്റ്റ് ഡോ.ഗോകുൽ.യു.ആർ തുടങ്ങിയവർ നേതൃത്വം നൽകി. വാർഡുതലത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡേർസ് എന്നിവർ ചേർന്നു നടത്തിയ ആരോഗ്യ സദസ്സിൽ പങ്കെടുത്തവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരേയാണ് ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പ് വൻ വിജയമായിരുന്നു എന്നും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് തുടർ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ അറിയിച്ചു.
