ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം അവലോകനയോഗം ചേര്‍ന്നു; സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് കളക്ടര്‍ ഭണ്ഡാരി സ്വാഗത്

  • Post category:health / local news
  • Reading time:1 min read
You are currently viewing ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം  അവലോകനയോഗം ചേര്‍ന്നു; സ്‌കൂളുകള്‍ പുനരുജ്ജീവിപ്പിക്കുമെന്ന് കളക്ടര്‍ ഭണ്ഡാരി സ്വാഗത്

കാസർകോട്: ജില്ലയില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ സാമൂഹിക നീതി വകുപ്പാണ് യോഗം വിളിച്ച് ചേര്‍ത്തത്. യോഗത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വിശദീകരിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളാണ് ജില്ലയിലെ ബഡ്സ് സ്‌കൂളുകളില്‍ പഠിക്കുന്നവരില്‍ ഏറെയും. ജില്ലയില്‍ ആകെയുള്ള 11 ബഡ്സ് സ്‌കൂളുകളില്‍ ആറെണ്ണം മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്.കയ്യൂര്‍ ചീമേനി, പുല്ലൂര്‍ പെരിയ, മുളിയര്‍, കാറഡുക്ക , ബെള്ളൂര്‍. കുംബഡാജെ പഞ്ചായത്തുകളിലാണ് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹാരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

കുംബഡാജെ പഞ്ചായത്തില്‍ നിലവിലുള്ള കൊവിഡ് ആംബുലന്‍സ് രക്ഷിതാക്കളുമായി ആലോചിച്ച് ബഡ്സ് സ്‌കൂളിനായി പ്രവര്‍ത്തിക്കും. മോഡല്‍ ചൈല്‍ഡ് റിബാലിറ്റേഷന്‍ സെന്ററുകളില്‍ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. ഫിസിയോതെറാപ്പി സ്പീച്ച് തെറാപ്പി ഒക്യുപ്പേഷണല്‍ തെറാപി എന്നിവ കാര്യക്ഷമമായി നടത്തും. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ ഒഴിവ് നികത്താന്‍ സാമൂഹ്യ നീതി വകുപ്പ് നടപടി വേഗത്തിലാക്കും.

18 വയസ് കഴിഞ്ഞ കുട്ടികളുടെ തെറാപ്പി തുടരുന്നതിന് തടസ്സങ്ങളില്ലെന്ന് സാമൂഹിക നീതി ഓഫീസ് യോഗത്തില്‍ അറിയിച്ചു. അതാത് എം.സി.ആര്‍.സിയിലോ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാം. കുട്ടികളുടെ തൊഴില്‍ പ്രവേശനം സംബന്ധിച്ച് കൃത്യമായ ആസൂത്രണം നടത്തി തീരുമാനമെടുക്കും. യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ എ.ഡി.എം സി പ്രകാശന്‍ പാലായി വിവിധ വകുപ്പ് നിര്‍വഹണോദ്യഗസ്ഥര്‍, ജില്ലയിലെ വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡണ്ടുമാര്‍ , ബഡ്സ് സ്‌കൂള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares