ബെംഗളൂരു നഗരത്തിന്‍റെ ശില്‍പി കെമ്പഗൗഡ‍യ്ക്ക് 108 അടി ഉയരമുള്ള വെങ്കല പ്രതിമ‍; 84 കോടി ചെലവ്, 224 ടണ്‍ ഭാരം, പ്രതിമ പ്രധാനമന്ത്രി അനച്ഛാദനം ചെയ്‌തു

You are currently viewing ബെംഗളൂരു നഗരത്തിന്‍റെ ശില്‍പി കെമ്പഗൗഡ‍യ്ക്ക് 108 അടി ഉയരമുള്ള വെങ്കല പ്രതിമ‍; 84 കോടി ചെലവ്, 224 ടണ്‍ ഭാരം, പ്രതിമ പ്രധാനമന്ത്രി അനച്ഛാദനം ചെയ്‌തു

ബംഗളൂരു: 84 കോടി ചെലവിട്ട് നിര്‍മിച്ച നാദപ്രഭു കെമ്പഗൗഡയുടെ വെങ്കല പ്രതിമ ബംഗളൂരു വിമാന താവളത്തിന് സമീപം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ബംഗളൂരു നഗരത്തിൻ്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന കെമ്പഗൗഡയുടെ പ്രതിമക്ക് 108 അടി ഉയരമുണ്ട്. ഏതാണ്ട് 10 നില കെട്ടിടത്തിൻ്റെ അത്രയും വരും ഇത്. ‘സ്റ്റാച്യൂ ഓഫ് പ്രോസ്പെരിറ്റി’ എന്ന് പേരിട്ടിരിക്കുന്ന പ്രതിമ 23 ഏക്കര്‍ വരുന്ന ഹെറിറ്റേജ് പാര്‍ക്കിനുള്ളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മൊത്തം 224 ടണ്ണാണ് ഭാരം. പ്രതിമയുടെ കൈയിലുള്ള വാളിന് മാത്രം 4,000 കിലോഗ്രാം ഭാരമുണ്ട്.

1537-ല്‍ സ്ഥാപിതമായ വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്നു നാദപ്രഭു കെമ്പഗൗഡ. പഴയ മൈസൂരുവിലും തെക്കന്‍ കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രബലരായ വൊക്കലിഗ സമുദായത്തിൻ്റെ പുണ്യപുരുഷനായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.

വൊക്കലിഗ സമുദായ വോട്ടുബാങ്ക് ലക്ഷ്യമിട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും ഡോ. അശ്വഥ് നാരായണുമാണ് പ്രതിമ നിര്‍മ്മിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്.

വഡോദരയിലുള്ള സര്‍ദാര്‍ വല്ലഭായി പട്ടേലിൻ്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ ശില്‍പം രുപകല്‍പന ചെയ്ത രാം വി.സുതാര്‍ ആണ് കെമ്പഗൗഡ പ്രതിമയും നിര്‍മിച്ചത്. 790 അടി (240 മീറ്റര്‍) ഉയരമുള്ളതാണ് നര്‍മ്മദാ നദിയുടെ തീരത്ത് നിര്‍മിച്ച പട്ടേല്‍ പ്രതിമ. 2,989 കോടി രൂപയാണ് ഇതിന് ചെലവഴിച്ചത്. 2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യും ഉദ്ഘാടനം ചെയ്തത്.

0Shares