
‘കലർപ്പില്ലാത്ത വാർത്തകൾ’ അറിയാൻ വാട്‍സ് ആപ്പ് ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
ഭാഗം: ഒന്ന്
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: ബേക്കൽ റിസോർട്‌സ് ഡെവലപ്മെണ്ട് കോർപറേഷൻ ലിമിറ്റഡിൻ്റെ (Bekal Risorts Development Corparation Ltd- BRDC) അധീനതയിലുള്ള നൂറുകോടിയിലധികം വിലമതിക്കുന്ന ഭൂമി വിവിധ ബാങ്കുകളിൽ പണയപ്പെടുത്തി പണം തട്ടിയെടുത്തത്തിൽ വിജിലൻസ് അന്വേഷണം. ചിത്താരി- കീക്കാൻ വില്ലജ് പരിധിയിലെ, ചേറ്റുകുണ്ട് പ്രദേശത്തുള്ള 53.33 ഏക്കർ ഭൂമിയുടെ ഒറിജിനൽ രേഖകൾ ഗ്രീൻ ഗേറ്റ് വേ ലൈശ്വർ ലിമിറ്റഡ് (Green Gateway Leisure Ltd. -GGL) എന്ന കമ്പനി കേരളത്തിലെ നാല് ബാങ്കുകളുടെ ശാഖകളിൽ പണയപ്പെടുത്തി 89 കോടി രൂപ അനധികൃതമായി വായ്‌പയെടുത്തു എന്നാണ് പരാതി.
വർഷങ്ങൾക്ക് മുമ്പാണ് ബി.ആർ.ഡി.സി പ്രസ്തുത ഭൂമി ഗ്രീൻ ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് നടത്തിപ്പിനായി ലീസ് വ്യവസ്ഥയിൽ നൽകിയത്. കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.

ബേക്കൽ റിസോർട്‌സ് കോർപറേഷൻ മുൻ ഡയറക്ടറായിരുന്ന ഷാജി മാധവൻ കോർപറേഷൻ്റെ ഭൂമി പണയപ്പെടുത്തി ബാങ്കിൽ നിന്നും വായ്‌പ എടുക്കുന്നതിന് ഗേറ്റ് വേ ലൈശ്വർ കമ്പനിക്ക് അനുമതി (എൻ.ഒ.സി) നൽകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊമേഴ്‌സ്യൽ ബ്രാഞ്ച് തിരുവനന്തപുരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൊമേഴ്‌സ്യൽ ബ്രാഞ്ച് എറണാകുളം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചാലായി ബ്രാഞ്ച് തിരുവനന്തപുരം, ധനലക്ഷ്‌മി ബാങ്ക് തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നാണ് 89 കോടി രൂപ വായ്‌പ എടുത്തത്. ടൂറിസം റിസോർട്ടുകളുടെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ബി.ആർ.ഡി.സിയുടെ ഭൂമി ബാങ്കുകളിൽ പണയപ്പെടുത്തിയതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായാണ് വിജിലൻസിൻ്റെ പ്രാഥമിക കണ്ടെത്തൽ.
അജാനൂർ പഞ്ചായത്തിൽ ചിത്താരി വില്ലേജിൽ റീസർവ്വേ നമ്പർ- 01/5, 08/1, 08/2, 11/1, 11/2, 24/3 തുടങ്ങിവയിലും പള്ളിക്കര പഞ്ചായത്തിൽ കീക്കാൻ വില്ലേജിൽ റീസർവ്വേ നമ്പറിലും ഉദുമ പഞ്ചായത്തിലും ബി.ആർ.ഡി.സിക്ക് സ്വന്തമായി ഭൂമിയുണ്ട്. ജില്ലയുടെ ടൂറിസം വികസനത്തിന് വേണ്ടിയാണ് സർക്കാർ ബി.ആർ.ഡി.സിക്ക് ഹെക്ടർ കണക്കിന് ഭൂമി വർഷങ്ങൾക്ക് മുമ്പ് പതിച്ചു നൽകിയത്.
