
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റുമെന്ന പ്രചാരണം തള്ളി ബി.ജെ.പി. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റുന്നതു പരിഗണനയിൽ ഇല്ലെന്ന് പ്രഭാരി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിലായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.
നേതൃത്വം മാറുമെന്നത് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്ന വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ ബി.ജെ.പി യോഗത്തിലാണ് ജാവഡേക്കർ നിലപാടു വ്യക്തമാക്കിയത്. കെ. സുരേന്ദ്രൻ ഡിസംബർ 31ന് അധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയിരുന്നു. പുതുക്കിയ നിയമനം വരാത്ത സാഹചര്യത്തിൽ സുരേന്ദ്രനെ നീക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബി.ജെ.പിയിലെ ഒരു വിഭാഗം അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഒതുക്കപ്പെട്ടു എന്ന വിമർശനവും ഉയർന്നിരുന്നു.

പല തവണ സംസ്ഥാനത്തെ നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ കണ്ടു. കേന്ദ്ര പ്രതിനിധികൾ സംസ്ഥാനത്ത് വന്ന് സമവായ ചർച്ചകളും നടത്തി. പാർട്ടിയിൽ ഐക്യത്തോടെയുള്ള നീക്കം നടക്കുന്നില്ല എന്ന ആക്ഷേപവും ഒരു വിഭാഗം ഉയർത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ കേരളത്തിൽ മുന്നേറ്റത്തിന് സാധിച്ചില്ല. തൊട്ടുപിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു.
കെ. സുരേന്ദ്രൻ മൽസരിച്ച പത്തനംതിട്ടയിലും മഞ്ചേശ്വരത്തും പരാജയപ്പെട്ടു. നേരത്തെ ജയിച്ച നേമം മണ്ഡലത്തിലും പാർട്ടി തോറ്റു. ഒട്ടേറെ വിവാദങ്ങളിൽ മുതിർന്ന നേതാക്കൾ ഉൾപ്പെട്ടതും തിരിച്ചടിക്ക് കാരണമായി. പാർട്ടിക്ക് ഒപ്പം നിന്ന പി.സി ജോർജിനെയും ജനം കൈവിട്ടു. ഈ സാഹചര്യത്തിലാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ബി.ജെ.പിയെ നയിക്കാൻ പുതിയ വ്യക്തി വരുമെന്ന് പ്രചാരണമുണ്ടായത്. സുരേഷ് ഗോപി അധ്യക്ഷനായേക്കുമെന്നും കെ. സുരേന്ദ്രനെ മാറ്റുമെന്നും റിപ്പോർട്ടുകൾ വന്നു. ഇത് തള്ളിക്കളയുകയാണ് കേന്ദ്ര നേതൃത്വം ചെയ്തിരിക്കുന്നത്.
