
കാസർകോട് : കേരളത്തെ രണ്ടായി വിഭജിക്കുന്ന പിണറായി സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ. റെയിലിനെതിരെ എല്ലാ ജനവിഭാഗങ്ങളെയും അണി നിരത്തി കൊണ്ട് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിൻ്റെ ഒട്ടു മിക്ക പദ്ധതികളും അഴിമതി ലക്ഷ്യമിട്ടുള്ളതാണ്. അധികാരത്തിൻ്റെ ഹുങ്കിൽ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പദയാത്രകൾ സംഘടിപ്പിക്കുകയും പ്രചരണം നടത്തുകയും ചെയ്യുമെന്നും എം. ടി. രമേശ് കൂട്ടിച്ചേർത്തു. കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, പ്രമീള സി. നായിക്, ഉത്തരമേഖല ജനറൽ സെക്രട്ടറി പി. സുരേഷ് കുമാർ ഷെട്ടി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
