
ബദിയടുക്ക(കാസർകോട്): ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ബേള വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങൾ. സർക്കാർ നൽകിയ സ്ഥലവും വീടും അതിലേക്കുള്ള റോഡും സർക്കാർ തന്നെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം. ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലെ കുടുംബങ്ങൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. പാവപെട്ട കുടുംബങ്ങൾക്ക് സർക്കാർ നൽകിയ സ്ഥലം റീസർവ്വേയുടെ മറവിൽ റവന്യൂ അധികാരികളെ കുട്ട് പിടിച്ച് സ്വകാര്യ വ്യക്തി കൈയേറ്റം നടത്തുന്നതായി സമരക്കാർ ആരോപിച്ചു. സർക്കാർ നൽകിയ സ്ഥലവും, അന്തി ഉറങ്ങുന്ന കിടപ്പാടവും നഷ്ടപ്പെടാതെ ഉറപ്പ് വരുത്തുക, വില്ലയിലേക്ക് എത്തിപെടുന്ന
റോഡും, വീടുള്ള സ്ഥലവും സംരക്ഷിക്കുക. സ്വകാര്യ വ്യക്തിയുടെ കൈയേറ്റ ശ്രമം തടയുക, എന്നീ ആവശ്യങ്ങൾ സമരക്കാർ മുന്നോട്ട് വെച്ചു. മർച്ച് മധൂർ റോഡിൽ നിന്ന് തുടങ്ങി വില്ലേജ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ലത്തീഫ് ലൈഫ് ഹൗസ് വില്ല അധ്യക്ഷത വഹിച്ചു. കൺവീനർ സീനത്ത് എൻ.സ്വാഗതം പറഞ്ഞു. പൊതു പ്രവർത്തകരായ അഡ്വക്കേറ്റ് പ്രകാശ് അമ്മണ്ണായ, സയ്യദ് സൈനുൽ ആബിദ്, കെ.ശാരദ, സുബൈർ ബാപ്പാലിപ്പനം, അബ്ദുൽ ഖാദർ മാന്യ, ഉദയ ടി തൽപ്പനാജെ, എം.എസ് യോഗീഷ്, തുടങ്ങിയവർ സംസാരിച്ചു. കൈക്കുഞ്ഞുങ്ങളുമായി നിരവധി അമ്മമാർ സമരത്തിന് എത്തിയിരുന്നു.


