
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഫോര്‍മല്‍ വസ്ത്രങ്ങള്‍ മാത്രം അനുവദിക്കുന്ന ഡ്രസ് കോഡ് പുറപ്പെടുവിച്ച് അസമിലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് . മെയ് 20 നാണ് പുതിയ ഡ്രസ് കോഡ് വകുപ്പ് പുറപ്പെടുവിച്ചത്. നോട്ടീസ് പ്രകാരം, പൊതുജനങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് കരുതുന്ന ജീന്‍സ്, ടീ-ഷര്‍ട്ട്, ലെഗ്ഗിംഗ്‌സ് എന്നിവ ധരിക്കുന്നതില്‍ നിന്ന് അധ്യാപകര്‍ക്ക് വിലക്കുണ്ട്.
സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ നോട്ടീസില്‍ പറയുന്നത് ഇങ്ങനെ:
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചില അധ്യാപകര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന ശീലം ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, അത് ചിലപ്പോള്‍ പൊതുസമൂഹത്തിന് സ്വീകാര്യമല്ല. ഒരു അദ്ധ്യാപകന്‍ എല്ലാത്തരം മാന്യതയുടെയും ഉദാഹരണമായി പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ പ്രത്യേകിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ ജോലിസ്ഥലത്ത് മാന്യത, പ്രൊഫഷണലിസം, ലക്ഷ്യത്തിൻ്റെ ഗൗരവം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു ഡ്രസ് കോഡ് പിന്തുടരേണ്ടത് ആവശ്യമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകര്‍ക്ക് ഇനിപ്പറയുന്ന ഡ്രസ് കോഡ് നിര്‍ദ്ദേശിക്കുന്നതായി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഇതിനാല്‍ അറിയിക്കുന്നു.
- പുരുഷ അദ്ധ്യാപകര്‍ ഉചിതമായ ഔപചാരിക വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ അവരുടെ ഡ്യൂട്ടികളില്‍ പങ്കെടുക്കാവൂ (ടി-ഷര്‍ട്ട്, ജീന്‍സ് മുതലായവ അനുവദനീയമല്ല)
- മാന്യമായ സല്‍വാര്‍ സ്യൂട്ട്/സാരി/എന്നിവ ധരിച്ചാണ് വനിതാ അധ്യാപകര്‍ അവരുടെ ഡ്യൂട്ടിക്ക് ഹാജരാകേണ്ടത്.
- പുരുഷ- വനിതാ അദ്ധ്യാപകര്‍ വൃത്തിയുള്ളതും മാന്യവുമായ വസ്ത്രം ധരിക്കണം. അത് മോഡേണ്‍ വസത്രമാകരുത്.
മേല്‍പ്പറഞ്ഞ ഉത്തരവ് ബന്ധപ്പെട്ട എല്ലാവരും കര്‍ശനമായി പാലിക്കേണ്ടതാണ്, കൂടാതെ നിര്‍ദേശം ലംഘിക്കുന്നവര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകാമെന്നും മുന്നറിയിപ്പുണ്ട്.
