അമീര്‍ ഇനി അമര സ്‌മരണ; രാജ്യ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തി, ലോക രാഷ്ട്രങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ശ്രദ്ധയും കരുതലും നൽകി

  • Post category:Gulf / news / obitury
  • Reading time:2 mins read
You are currently viewing അമീര്‍ ഇനി അമര സ്‌മരണ; രാജ്യ പുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തി, ലോക രാഷ്ട്രങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ശ്രദ്ധയും കരുതലും നൽകി

കുവൈത്ത് സിറ്റി: രാജ്യപുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിക്കുകയും കുവൈത്ത് ഭരണ നേതൃത്വത്തില്‍ അരനൂറ്റാണ്ടോളം നിറഞ്ഞു നില്‍ക്കുകയും ചെയ്‌ത അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഇനി അമര സ്‌മരണ.

കുവൈത്തിൻ്റെ 16ാമത് അമീര്‍ മരണത്തിന് കീഴടങ്ങിയത് 86 വയസിലാണ്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ 29ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്‌തികരമായെങ്കിലും ശനിയാഴ്‌ച ഉച്ചയോടെ മരിച്ചതായി അമീരി ദിവാൻകാര്യ മന്ത്രി അറിയിച്ചു.

ശൈഖ് നവാഫിൻ്റെ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പുതിയ അമീറായി ചുമതലയേറ്റു.

അമീറിൻ്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഞായര്‍ മുതല്‍ മൂന്ന് ദിവസം അവധി ആയിരിക്കും.

ഗവര്‍ണര്‍, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, സാമൂഹ്യകാര്യ- തൊഴില്‍ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീര്‍ എന്നിങ്ങനെ ഭരണാധികാരിയെന്ന നിലയില്‍ രാജ്യപുരോഗതിയില്‍ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്.

കോവിഡിൻ്റെയും എണ്ണ വിലയിടിവിൻ്റെയും അടക്കം വലിയ വെല്ലുവിളികള്‍ക്കിടയില്‍ രാജ്യഭരണം ഏറ്റെടുത്ത ശൈഖ് നവാഫ് കുവൈത്തിനെ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ജി.സി.സിയിലെയും അറബ് മേഖലയിലെയും രാഷ്ട്രങ്ങള്‍ക്കിടയില്‍ കുവൈത്തിൻ്റെ നിര്‍ണായക ഇടപെടലുകള്‍ക്കും ഇദ്ദേഹത്തിൻ്റെ പങ്ക് വലുതാണ്. ലോക രാഷ്ട്രങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതില്‍ ശൈഖ് നവാഫിൻ്റെ ശ്രദ്ധയും കരുതലും എന്നും ഉണ്ടായിരുന്നു.

കുവൈത്ത് മുൻ അമീര്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിൻ്റെയും യമാമയുടെയും ആറാമത്തെ മകനായി 1937 ജൂണ്‍ 25നാണ് കുവൈത്ത് രാജകുടുംബത്തില്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിൻ്റെ ജനനം. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അന്തരിച്ചതിന് പിന്നാലെ കുവൈത്ത് അമീറായി ചുമതലയേറ്റു.

2006 ഫെബ്രുവരി ഏഴുമുതല്‍ ദീര്‍ഘകാലം കിരീടാവകാശിയായി ചുമതലകള്‍ വഹിച്ചിരുന്നു. 1961ല്‍ ഹവല്ലി ഗവര്‍ണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ്, ’78ലും പിന്നീട് 86- 88 കാലത്തും ആഭ്യന്തര മന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ’91ല്‍ തൊഴില്‍- സാമൂഹിക മന്ത്രാലയത്തിൻ്റെ ചുമതല വഹിച്ച അദ്ദേഹം, ’94ല്‍ നാഷനല്‍ ഗാര്‍ഡ് മേധാവിയായി. 2003ല്‍ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിസ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കിരീടാവകാശിയായി നിയമിതനായത്. 2020 സെപ്റ്റംബര്‍ 29 മുതല്‍ അമീറായി രാജ്യത്തെ നയിച്ചു.

ശരീഫ സുലൈമാൻ അല്‍ ജാസിം ഭാര്യയാണ്. ശൈഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അസ്സബാഹ്, ശൈഖ് ഫൈസല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ശൈഖ് അബ്ദുല്ല അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ശൈഖ് സലീം അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ശൈഖ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് മക്കളാണ്.

0Shares