ദുബായിലെ ഏറ്റവും വിലകൂടിയ ഒരു വസതി; സ്വന്തമാക്കിയത് മുകേഷ് അംബാനിയുടെ ഇളയ മകന്‍

You are currently viewing ദുബായിലെ ഏറ്റവും വിലകൂടിയ ഒരു വസതി; സ്വന്തമാക്കിയത് മുകേഷ് അംബാനിയുടെ ഇളയ മകന്‍

ദുബായിലെ ഏറ്റവും വില കൂടിയ വസതി സ്വന്തമാക്കി മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനി. ദുബായിലെ ബീച്ച്‌ സൈഡിലെ 80 മില്യണ്‍ ഡോളര്‍ വിലയുള്ള വില്ലയാണ് അനന്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇത് നഗരത്തിലെ എക്കാലത്തെയും വലിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പാം ജുമൈറയിലെ ഈ വില്ല ഈ വര്‍ഷം ആദ്യം അംബാനിയുടെ ഇളയ മകന്‍ അനന്തിന് വേണ്ടി വാങ്ങിയതായിരുന്നു. എന്നാല്‍, ഇടപാട് വളരെ സ്വകാര്യമായിരുന്നു. അതിനാല്‍ വാങ്ങിച്ചയാളുടെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു എന്ന് ഇടപാടുകാരില്‍ ഒരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 കിടപ്പുമുറികളും ഒരു സ്വകാര്യ സ്പായും, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകളും ഈ വീട്ടിലുണ്ട്.

ബ്രിട്ടീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയയും ബോളിവുഡ് മെഗാ സ്റ്റാര്‍ ഷാരൂഖ് ഖാനുമാണ് ഇവിടുത്തെ അംബാനിയുടെ പുതിയ അയല്‍ക്കാര്‍. ആഡംബര വീടുകള്‍ കൂടാതെ, അത്യാഡംബര ഹോട്ടലുകള്‍,ക്ലബ്ബുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍, സ്പ്ലാഷി അപ്പാര്‍ട്ട്‌മെണ്ട് ടവറുകള്‍ എന്നിവയും പാം ജുമൈറയിലുണ്ട്.

ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം അംബാനിയുടെ 93.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തിയുടെ മൂന്ന് അവകാശികളില്‍ ഒരാളാണ് അനന്ത്. ലോകത്തിലെ ഏറ്റവും വലിയ 11-ാമത്തെ ധനികനാണ് മുകേഷ് അംബാനി. ഇവരുടെ കുടുംബം വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം യുകെയില്‍ സ്‌റ്റോക്ക് പാര്‍ക്ക് ലിമിറ്റഡ് വാങ്ങാനായി റിലയന്‍സ് ഗ്രൂപ്പ് 79 മില്യണ്‍ ഡോളറാണ് ചിലവഴിച്ചത്. അതില്‍ ജോര്‍ജിയന്‍ കാലഘട്ടത്തിലെ ഒരു മാളികയുണ്ട്. മൂത്ത മകന്‍ ആകാശിന് വേണ്ടിയാണ് റിലയന്‍സ് ഗ്രൂപ്പ് സ്റ്റോക്ക് പാര്‍ക്ക് ലിമിറ്റഡ് വാങ്ങിയത്.

ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിൻ്റെ ചെയര്‍മാനായി ആകാശ് അംബാനിയെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.

അതേസമയം, ആകാശിൻ്റെ ഇരട്ട സഹോദരി ഇഷ അംബാനി ന്യൂയോര്‍ക്കില്‍ ഒരു പുതിയ വീട് വാങ്ങുന്നതിനായുള്ള അന്വേഷണത്തിലാണ്. മുകേഷ് അംബാനിയുടെ മുംബൈയിലുള്ള വീട് വളരെ പ്രശസ്തമാണ്. മൂന്ന് ഹെലിപാഡുകളുള്ള 27 നിലകളിലായുള്ള ഈ വീടിൻ്റെ പേര് ആന്റിലിയ എന്നാണ്. 168 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ്, 50 സീറ്റുകളുള്ള സിനിമാ തിയേറ്റര്‍, ഒമ്പത് എലവേറ്ററുകള്‍ എന്നിവ ഈ ആഡംബര വസതിയിലുണ്ട്.

സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന ദുബായുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കഴിഞ്ഞ ഏഴ് വര്‍ഷത്തെ മാന്ദ്യത്തില്‍ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പുതിയ നിയമ പ്രകാരം, നിക്ഷേപകര്‍ കുറഞ്ഞത് 2 മില്യണ്‍ ദിര്‍ഹത്തിൻ്റെ സ്വത്ത് വാങ്ങിയാല്‍ 10 വര്‍ഷത്തെ വിസ ലഭിക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ജനസംഖ്യയുടെ 80% ത്തിലധികവും വിദേശികളാണ്. പതിറ്റാണ്ടുകളായി സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്രോതസ്സും ഇവരാണ്.

0Shares