ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയും; മരണത്തിന് തൊട്ട് മുമ്പ് സംഭവിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയും; മരണത്തിന് തൊട്ട് മുമ്പ് സംഭവിക്കുന്നത്

മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്. മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം. അപസ്മാരം ബാധിച്ച ഇദ്ദേഹത്തിൻ്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.

മരിക്കുന്നതിന് തൊട്ട് മുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനത്തിന് വിധേയമാക്കി. ഇതാദ്യമായാണ് മരണസമയത്തെ തലച്ചോറിൻ്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. മനുഷ്യര്‍ സ്വപ്‌നം കാണുമ്പോഴോ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മാറ്റങ്ങള്‍ തന്നെയാണ് ഈ തരംഗങ്ങളിലും രേഖപ്പെടുത്തിയതെന്നാണ് അവര്‍ കണ്ടെത്തിയത്.

മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ശാസ്ത്രജ്ഞര്‍ അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് ശേഷമുള്ള 30 സെക്കന്‍ഡും പഠനവിധേയമാക്കി. ഹൃദയത്തിൻ്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ട് മുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ മാറ്റം കണ്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

0Shares