
ഗസ്സ സിറ്റി: മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്‌മാ ഈല്‍ ഹനിയ്യ. അല്‍ അഖ്‌സ മസ്‌ജിദിന്‍റെ കാര്യത്തില്‍ തീ കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്ന് ഹനിയ്യ പറഞ്ഞു. ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അല്‍ അഖുസാ ടെലിവിഷനാണ് ഹനിയ്യയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്‌തത്.
അല്‍ അഖ്‌സ എം, മസ്‌ജിദില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അല്‍ അഖ്‌സ ഫ്ലഡ്.

ഗസ്സയില്‍ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അല്‍ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹനിയ വ്യക്തമാക്കി.
ഇസ്രായേല്‍ ഭരണകൂടം അല്‍ അഖ്‌സ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുവെന്ന വ്യക്തമായ വിവരം ഹമാസിൻ്റെ പക്കലുണ്ട്. ഇസ്‌ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കി നില്‍ക്കില്ലെന്ന് ഹനിയ്യ മുന്നറിയിപ്പ് നല്‍കി.
പാലസ്‌തീൻ മികച്ച വിജയത്തിൻ്റെ വക്കിലാണ്. സുവ്യക്തമായ കീഴടക്കലിലാണ് ഗസ്സ മുന്നണി. നമ്മുടെ പാലസ്‌തീൻ ഭൂമിയെയും അധിനിവേശ ജയിലുകളില്‍ കഴിയുന്ന നമ്മുടെ തടവുകാരെയും മോചിപ്പിക്കാനുള്ള ഇൻതിഫാദകളും വിപ്ലവ പോരാട്ടങ്ങളും പൂര്‍ത്തിയാകണം -ഹനിയ്യ വ്യക്തമാക്കി.
