
റിയാദ്: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പോകുന്നതിനും മടങ്ങിവരുന്നതിനും വിമാന കമ്പനികള്‍ നടത്തുന്ന പകല്‍ക്കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് നവോദയ റിയാദ് കുറ്റപ്പെടുത്തി. നിലവിലെ യാത്ര നിരക്കുകള്‍ സാധാരണ പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും വളരെ കൂടുതലാണ്. സ്വകാര്യവത്കരിക്കപ്പെട്ട എയര്‍ ഇന്ത്യ ഗള്‍ഫിലെ പല നഗരങ്ങളിലേക്കും സര്‍വിസ് നടത്തുന്നില്ല. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമായ തിരുവനന്തപുരത്തേക്ക് റിയാദ് ഉള്‍പ്പെടെയുള്ള പല ഗള്‍ഫ് നഗരങ്ങളില്‍നിന്ന് നേരിട്ടുള്ള സര്‍വിസ് ഇപ്പോഴില്ല.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വിസ് നടത്താൻ പല വിമാന കമ്പനികള്‍ക്കും അനുമതി നല്‍കുന്നില്ല. എയര്‍ ഇന്ത്യയുടെ പല വിമാനങ്ങളും കാലതാമസം നേരിടുന്നതും റദ്ദാക്കുന്നതും യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.

പ്രവാസികള്‍ വിമാനയാത്രക്ക് അസാധാരണമായ ബുദ്ധിമുട്ടനുഭവിക്കുമ്പോഴും വെറും കാഴ്‌ചക്കാരുടെ റോളില്‍ മാറിനിന്ന് ഈ കഴുത്തറുപ്പിന് കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്താനുള്ള കേരള സര്‍ക്കാറിൻ്റെ പരിശ്രമങ്ങള്‍ക്ക് അനുമതി നല്‍കാനും കേന്ദ്രം തയാറാകുന്നില്ല. ശരാശരി 600 റിയാലിന് ഒരാള്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കേരളത്തിലെ വിമാന താവളങ്ങളിലേക്ക് രണ്ടായിരം റിയാലിന് മുകളില്‍വരെ കൊടുക്കേണ്ട അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാറിൻ്റെ ഈ ക്രൂരതക്കെതിരെ പ്രവാസികള്‍ ഒന്നിച്ചു ശബ്ദമുയര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുക ആണെന്നും നവോദയ കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
