കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി അദാലത്ത്

  • Post category:health / local news
  • Reading time:2 mins read
You are currently viewing കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനമായി അദാലത്ത്

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കരുതലും കൈത്താങ്ങുമായി’ അദാലത്ത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പു വരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറയും സെക്രട്ടറി അമ്പലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്.

ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ അദ്ദേഹം നടത്തുകയായിരുന്നു. രോഗികള്‍ക്കുളള മരുന്നു വിതരണം മുടങ്ങരുതെന്നും രോഗികള്‍ക്ക് ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടു നല്‍കണമെന്നും മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അടിയന്തരിമായി ഇടപെടണമെന്നും മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി.രാംദാസിനോട് നിര്‍ദേശിച്ചു.

കാസര്‍കോട് നടന്ന അദാലത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മെഡിക്കല്‍ ക്യാംപ് നടത്താനും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുള്ള സെല്‍ തീരുമാനം അടിയന്തിരമായി നടപ്പിലാക്കാന്‍ സെല്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ ക്യാംപിനുള്ള സ്ഥലം ഉടന്‍ തീരുമാനിക്കാനും മെഡിക്കല്‍ ക്യാംപിന് ആവശ്യമായ ഡോക്ടര്‍മാരെ ലഭ്യമാക്കാന്‍ അദാലത്തില്‍ വന്ന ദുരിത ബാധിതരുടെ അപേക്ഷകള്‍ പരിഗണിച്ച് ആരോഗ്യ വകുപ്പിന് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും നിര്‍ദേശം നല്‍കിയിരുന്നു.

ഇതുസംബന്ധിച്ച് മന്ത്രിമാര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൊസ്ദുര്‍ഗ് താലൂക്ക് തല അദാലത്തിലും ദുരിതബാധിതരുടെ മരുന്നു വിതരണവും വാഹന സൗകര്യവും മുടക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.

ദേശീയാരോഗ്യ ദൗത്യം വഴിയാണ് നേരത്തെ മരുന്നും വാഹന സൗകര്യവും ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര ഫണ്ട് നിലച്ചതോടെ മരുന്നു വിതരണവും വാഹന സൗകര്യവും നിലയ്ക്കുകയായിരുന്നു. ഇതിനിടയില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് കാസര്‍കോട് വികസന പാക്കേജ് മുഖേന മരുന്നിനും ചികിത്സയ്ക്കും തുക അനുവദിച്ചിരുന്നു.

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ആവശ്യമായ ഫണ്ടിൻ്റെ അനുമതിക്കായി ധനകാര്യ വകുപ്പിന്റെ അനുമതി കാത്തിരിക്കുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതോടെ വരും ദിവസം തന്നെ ഫണ്ട് ലഭ്യമാകും. . കടം വാങ്ങിയും മറ്റുള്ളവര്‍ സഹായിച്ചും ദീര്‍ഘനാള്‍ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു ദുരിതബാധിതര്‍. ഇതിനിടയിലാണ് കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍ വീണ്ടും ദുരിതബാധിര്‍ക്ക് സാന്ത്വനമാകുന്നത്.

0Shares