
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ നടന്‍ കുഞ്ചാക്കോ ബോബന്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ് എന്നിവരുടെ സാക്ഷി വിസ്താരം ഇന്ന് നടക്കും. ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്. അഞ്ച് വര്‍ഷം മുമ്പ് ദിലീപിന്‍റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്.
അന്ന് കുടുംബ കോടതിയായി പ്രവര്‍ത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സി.ബി.ഐ ജഡ്ജിയായ ഹണി എം. വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.
