സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ വ്യാപകം: നടപടിയെടുക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതി

You are currently viewing സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ലഹരിപദാര്‍ഥങ്ങള്‍ വ്യാപകം: നടപടിയെടുക്കണമെന്ന് കാസര്‍കോട്  താലൂക്ക് വികസന സമിതി

കാസര്‍കോട്: താലൂക്ക് പരിധിയിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ മിഠായി എന്ന വ്യാജേനയും അല്ലാതെയും മയക്ക് മരുന്നു പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കുട്ടികളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പോലീസ്, എക്‌സൈസ്, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍, സകൂള്‍ അധികൃതര്‍ എന്നിവര്‍ കൂടുതല്‍ പരിസര പ്രദേശങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന് കാസര്‍കോട് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.

കാസര്‍കോട് തീര പ്രദേശങ്ങളിലും നെല്ലിക്കുന്ന് കടപ്പുറം, ലൈറ്റ് ഹൗസ് മുതലായ പ്രദേശങ്ങളിലും വ്യാജ മദ്യ വില്‍പ്പന വ്യാപകമായി നടക്കുന്നതായി പരാതിയുയര്‍ന്നു. കാസര്‍കോട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്റ്, ബദിരിയ മസ്ജിദ് പ്രദേശങ്ങളില്‍ കാല്‍ നടയാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്തതരത്തില്‍ നടപ്പാതയില്‍ തെരുവ് കച്ചവടക്കാരും മറ്റ് കച്ചവടക്കാരും വ്യാപാര വസ്തുക്കള്‍ ഇറക്കി വെക്കുന്നത് പതിവാണെന്നും ഇത്തരം പ്രവണതയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ഡബ്ല്യൂ.ഡി നടപ്പാത നിര്‍മ്മിക്കുന്ന സമയത്ത് ഇരു വശങ്ങളിലും റെയിലിംഗ്‌സ് ഘടിപ്പിച്ച് കച്ചവട സ്ഥാപനങ്ങളില്‍ കയറാന്‍ മാത്രമുള്ള ഇടവഴി നിലനിര്‍ത്തിയാല്‍ മതിയെന്ന് യോഗം നിര്‍ദ്ദേശിച്ചു.

കാസര്‍കോട് ചന്ദ്രഗിരി ഭാഗത്തേക്ക് പോകുന്ന റോഡിലും ട്രാഫിക് സിഗ്‌നലിനടുത്തും മാന്‍ഹോള്‍ അപകടകരമായ തരത്തില്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നുണ്ടെന്നും ഇത് ഉടന്‍ തന്നെ നന്നാക്കുന്നതിനുള്ള നടപടി പി.ഡബ്ല്യൂ.ഡി, ബി.എസ്എന്‍.എല്‍, വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകള്‍ സ്വീകരിക്കുവാനും യോഗം ആവശ്യപ്പെട്ടു.

അണങ്കൂര്‍ ആയുര്‍വ്വേദ ആശുപത്രിയുടെ ഭൂമിയിലുടെ റോഡ് കടന്നു പോകുന്നത് മൂലം ആശുപത്രിയുടെ വികസനത്തിന് ഭൂമി ലഭ്യത കുറവ് അനുഭവപ്പെടുന്നതും പഴയ ഹൈവെയുടെ ഒരു വശത്തേക്ക് റോഡ് മാറ്റി ലഭ്യമായ സര്‍ക്കാര്‍ ഭൂമി ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിധം അണങ്കൂര്‍ ജംഗ്ഷന്‍ വരെ റോഡ് ഒരു വശത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് സ്ഥല പരിശോധന നടത്തുവാന്‍ കരുണ്‍ താപ്പ, മുഹമ്മദ് ഹനീഫ, മൂസ.ബി ചെര്‍ക്കള, റവന്യൂ, നഗരസഭ, ഡി.എം.ഒ(ആയുഷ്) എന്നിവരുടെ കമ്മിറ്റി രുപീകരിച്ചു. കമ്മിറ്റി പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

യോഗത്തില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കള, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദിരിയ, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ്.പി, ബദിയഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ് പി.എം എന്നിവര്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മൂസ.ബി, ചെര്‍ക്കള, കെ. മുഹമ്മദ് ഹനീഫ്, അബ്ദു റഹ്‌മാന്‍ ബാങ്കോട്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, കരുണ്‍ താപ്പ, അസീസ് കടപ്പുുറം തഹസില്‍ദാര്‍ രാജന്‍.എ.വി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ രമേശന്‍.കെ, നാരായണ.ജി എന്നിവരും മറ്റു വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

0Shares