Categories
articles health Kerala local news trending

ഫോറൻസിക് സർജൻ്റെ മൂന്ന് അധിക തസ്തിക അനുവദിക്കണം; രാത്രികാല പോസ്റ്റ്‌മോർട്ടം പലപ്പോഴും മുടങ്ങുന്നു; ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കേരളത്തിൽ 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്കകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്. ഇപ്പോൾ ചില ദിവസങ്ങളിൽ രാത്രികാല പോസ്റ്റ്‌മോർട്ടം ജനറൽ ആശുപത്രിയിൽ നടക്കുന്നില്ല. നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ്റെ ഒരു തസ്തികയെ ഉള്ളൂ. ടാറ്റ ആശുപത്രിയിലെ ഫോറൻസിക് ബിരുദമുള്ള അസിസ്റ്റന്റ് സർജനെ ജോലി ക്രമീകരണാർത്ഥം നിയമിച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുന്നത്. ഫോറൻസിക് സർജനായി മറ്റൊരാൾ മാത്രമേയുള്ളൂ. ഇവർ അവധിയിൽ പോയാൽ രാത്രികാല പോസ്റ്റ്‌മോർട്ടം തടസ്സപ്പെടും. 24 മണിക്കൂർ പോസ്റ്റ്മോർട്ടം തടസ്സമില്ലാതെ നടക്കണമെങ്കിൽ ഫോറൻസിക് സർജൻ്റെ മൂന്ന് അധിക തസ്തിക കൂടി കാസർകോട് ജനറൽ ആശുപത്രിയിൽ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

കാസർകോട് ജനറൽ ആശുപത്രിയിൽ ലഭിച്ച അപൂർവ്വ സംവിധാനമാണ് 24 മണിക്കൂർ പോസ്റ്റ്‌മോർട്ടം. ആ സംവിധാനം സർക്കാറായിട്ട് തല്ലിത്തകർക്കരുതെന്ന് ആരോഗ്യ മന്ത്രിയോട് പറഞ്ഞു. ജീവനക്കാരെ ഡിപ്ലോയ്മെന്റ് മുഖേന നിയമിച്ചാൽ കാര്യങ്ങൾ നടക്കില്ല. സ്പെഷ്യാലിറ്റി കേഡർ നടപ്പാക്കിയ സ്ഥിതിക്ക് ഹെൽത്ത് സർവ്വീസിന് കീഴിലുള്ള ആശുപത്രികളിൽ ഫോറൻസിക് സർജറി ഡിഗ്രി ഇല്ലാത്ത അസിസ്റ്റന്റ് സർജന്മാരെ കൊണ്ട് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് ശരിയല്ല. സംശയാസ്പദമായ കേസുകളിൽ അവരതിന് പ്രാപ്തരുമല്ല. ഫോറൻസിക് സർജൻ ഇല്ലായെന്ന കാരണത്താൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് വേണ്ടി മറ്റു ജില്ലകളിലേക്ക് റെഫർ ചെയ്യേണ്ടി വരുന്നതായും എം.എൽ.എ പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ്റെ ചുരുങ്ങിയ മൂന്ന് അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *