
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരിക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. അതിനിടെ ആലപ്പുഴ, മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വാഹനത്തിനുള്ളിൽ നിന്ന് ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സാബുവിൻ്റെ വീടിന് 20 മീറ്റർ അകലെ വച്ചാണ് സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാബുവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.

വാകത്താനം പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവരും അഗ്നി ശമനസേനാംഗങ്ങളും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
കഴിഞ്ഞ ദിവസം ആലപ്പുഴ, മാവേലിക്കര, കണ്ടിയൂർ അമ്പലമുക്കിൽ കഴിഞ്ഞദിവസം അർധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തിൽ അപകടകാരണം ഇനിയും കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്.

മാവേലിക്കര ഗവ.ഗേൾസ് സ്‌കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്‌മ പിണറ്റുംകാട്ടിൽ കൃഷ്‌ണ പ്രകാശ് എന്ന കണ്ണൻ (35) ആണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിൻ്റെ ഗേറ്റിന് സമീപം തിങ്കളാഴ്‌ച അർധരാത്രി 12.15നാണ് കാറിന് തീപിടിച്ചത്.
കാറിന് സാങ്കേതിക തകരാർ ഇല്ലായിരുന്നു എന്നാണ് മോട്ടർ വാഹന വകുപ്പിൻ്റെ പരിശോധന റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. വാഹനത്തിനുള്ളിൽ നിന്ന് ലൈറ്റർ, ഇൻഹേലർ എന്നിവയുടെ ഭാഗങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
