മലയാളിക്ക് 33 കോടി രൂപയുടെ ബമ്പർ; അടിച്ചത് അബുദാബി ബിഗ് ടിക്കറ്റ്, സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്

  • Post category:business / Gulf / Kerala
  • Reading time:1 min read
You are currently viewing മലയാളിക്ക് 33 കോടി രൂപയുടെ ബമ്പർ; അടിച്ചത് അബുദാബി ബിഗ് ടിക്കറ്റ്, സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 1.5 കോടി ദിർഹത്തിൻ്റെ (33.89 കോടി രൂപ)​ സമ്മാനം. ബിഗ് ടിക്കറ്റിൻ്റെ 260-ാമത് സീരീസ് നറുക്കെടുപ്പിലാണ് അൽ ഐനിൽ താമസിക്കുന്ന മലയാളിയായ രാജീവ് അരിക്കാട്ടിന് സ്വപ്‌നസമ്മാനം ലഭിച്ചത്.

ആർക്കിടെക്‌ചറൽ ഡ്രാഫ്‌റ്റ്‌സ്മാനായി ജോലി ചെയ്യുകയാണ് രാജീവ്. ഭാര്യക്കും എട്ടും അഞ്ചും വയസുള്ള മക്കൾക്കും ഒപ്പമാണ് രാജീവ് താമസിക്കുന്നത്. ഗ്രാൻഡ് പ്രൈസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിഗ് ടിക്കറ്റ് അധികൃതരോട് രാജീവ് പ്രതികരിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾപ്പെടെ 20 പേർക്കൊപ്പമാണ് ഇദ്ദേഹം സമ്മാനർഹമായ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്.

മൂന്നുവർഷം മുമ്പാണ് രാജീവ് ആദ്യമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. പിന്നീട് തുടർച്ചയായി നറുക്കെടുപ്പിൽ പങ്കെടുത്തുവരുന്നു. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറയുന്നു. നറുക്കെടുപ്പിന് ശേഷം ബിഗ് ടിക്കറ്റ് അധികൃതർ ഫോൺ വിളിച്ചപ്പോൾ രാജീവ് ആദ്യം വിശ്വസിക്കാൻ തയാറായില്ല.

ഇപ്പോഴും തനിക്ക് സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ ആകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ടിക്കറ്റിന് പണം നൽകിയത്. എല്ലാവരും ഇപ്പോഴും അതിൻ്റെ ഞെട്ടലിലാണെന്നും രാജീവ് പറഞ്ഞു.

0Shares