
കാസർകോട്: മണിചെയിൻ തട്ടിപ്പുമായി നടത്തിയ അന്വേഷണത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മൂന്നുപേരെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന റെയ്‌ഡിൽ വിലപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തു. മാവുങ്കാലിലെ ക്യൂ ലയൺസ് എജ്യുകേഷണൽ ട്രസ്റ്റ് സ്ഥാപന നടത്തിപ്പുകാരായ കാഞ്ഞങ്ങാട്, ഇരിയ, സ്വദേശികളായ കെ.പ്രജീഷ്, പി.ബാലദാസ്, കെ.സുധീഷ് എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇരിയ സ്വദേശികളായ കെ.വേണുഗോപാൽ, കെ. വിനോദ് കുമാർ, എന്നിവരും കേസിൽ പ്രതികളാണ്. ഇവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് പയ്യന്നൂർ സ്വദേശിയായ റെജിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. താനടക്കമുള്ള എഴുപതോളം പേരിൽ നിന്നും മൂന്നു കോടിയോളം രൂപ തട്ടിയെടുത്തുവെന്നായിരുന്നു റെജിയുടെ പരാതി. വൻ തുക ലാഭം വാഗ്‌ദാനം നൽകിയാണ് 1.20 ലക്ഷം രൂപ തന്നിൽ നിന്നും തട്ടിയെടുത്തെന്ന് റെജിൽ പരാതിപ്പെട്ടു. ക്യൂനെറ്റ് എന്ന കമ്പനിക്കെതിരെയും പരാതിയുണ്ടെന്നും മോട്ടിവേഷൻ ക്ലാസ്, ഹോങ്കോങ്, മലേഷ്യ ട്രിപ്പ്, ലാപ്ടോപ്പ് തുടങ്ങിയവ നൽകിയാണ് യുവജനങ്ങളെ ആകർഷിക്കുന്നതെന്നും പയ്യന്നൂർ പോലീസ് പറഞ്ഞു.
തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ രത്‌നകുമാര്‍, പയ്യന്നൂര്‍ എസ്.എച്ച്.ഒ, പി.കെ ധനഞ്ജയബാബു, എസ്.ഐ ശ്രീജിത്ത് കൊടേരി, ക്രൈം സ്‌ക്വാഡിലെ സുരേഷ് കക്കറ, കെ. പ്രീയേഷ്, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മുഴുവന്‍ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മറ്റ് സമാന തട്ടിപ്പുകൾ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
മലയോര- തീരദേശ മേഖലകളിൽ ശൃംഖലകൾ ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സസാമ്പത്തിക വ്യാപാരത്തിന് ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇടപാടുകാരിൽ ഏറെയും സ്ത്രീകളാണ്. മണിചെയിൻ തട്ടിപ്പിനിരയായവരിൽ ഏറെപ്പേരും സ്വർണം പണയപ്പെടുത്തിയും സ്ഥലം വിറ്റുമാണ് പണം കണ്ടെത്തിയത്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ മുതലെടുത്താണ് നെറ്റ് മാർക്കറ്റിങ് കമ്പനികൾ സമൂഹത്തിൽ വലവിരിക്കുന്നത്.
ഓൺലൈൻ മാർക്കറ്റിങ് കമ്പനി നൽകുന്ന വാഗ്‌ദാനം എന്താണ്? അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യുക: https://www.channelrb.com/News/70463
