
ശാരീരിക വ്യായാമങ്ങളില്‍ കൂടുതല്‍ നേരം തുടരാന്‍ വിഷമമുള്ളതാണ് പുഷപ്പ്. എന്നാല്‍, ആസ്ട്രേലിയക്കാരനായ ലുകാസ് ഹെംകെ ഒരു മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ പുഷപ്പില്‍ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ്.
മണിക്കൂറിനിടെ 3,206 പുഷപ്പാണ് 33കാരന്‍ ചെയ്തത്. ഒരു മിനിറ്റില്‍ 53 എണ്ണം. ഒരു വയസ്സുകാരനായ മകന് ‘അസാധ്യമായി ഒന്നുമില്ല’ എന്ന സന്ദേശം പകര്‍ന്നു നല്‍കാനാണ് ഇത്രയും വലിയ സാഹസത്തിന് ഇറങ്ങിയതെന്നാണ് ഹെംകെയുടെ വിശദീകരണം.

കാല്‍മുട്ടും ഇടുപ്പും വളയാതെ ശരീരം നേരെ നിര്‍ത്തിയാകണം ചെയ്യുന്നതെന്നതുള്‍പ്പെടെ കടുത്ത നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരുന്നു ഗിന്നസ് റെക്കോര്‍ഡിലേറിയത്. ചെയ്തതില്‍ തന്നെ 34 എണ്ണം ശരിയായില്ലെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയ ശേഷമാണ് 3,206 പുഷപ്പ് എന്ന അപൂര്‍വ റെക്കോഡ്. 2022ല്‍ ഡാനിയല്‍ സ്‌കാള്‍ കുറിച്ച 3,182 പുഷപ്പിൻ്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
കഴിഞ്ഞ നവംബറില്‍ ഹെംകെ റെക്കോഡ് ഭേദിച്ചിരുന്നെങ്കിലും പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കിയതായി അറിയിപ്പ് ലഭിച്ചത് അടുത്തിടെയാണ്. പുഷപ്പില്‍ മുമ്പും റെക്കോഡ് കുറിച്ച രണ്ടുപേര്‍ ആസ്ട്രേലിയക്കാരാണ്.
അതേസമയം, ഹെംകെയുടെ റെക്കോഡ് എത്രനാള്‍ നീണ്ടു നില്‍ക്കുമെന്നുറപ്പില്ല. കാരണം, ഫ്ളോറിഡയില്‍ കഴിഞ്ഞ മാസം റോബ് സ്റ്റര്‍ലിങ് എന്നയാള്‍ 3,264 പുഷപ്പ് മണിക്കൂറില്‍ പൂര്‍ത്തിയാക്കിയതായി അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗിന്നസ് അധികൃതര്‍ ഇതിന് അംഗീകാരം നല്‍കിയിട്ടില്ല.
