അയോധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ 18 വാതിലുകൾ സ്വർണം പൂശും; ഉയരം എട്ടരയടി, ഭാരം 500 കിലോ, മനോഹര രൂപങ്ങൾ വാതിലുകളിൽ ഉണ്ടാകും

You are currently viewing അയോധ്യ ശ്രീരാമ ക്ഷേത്രത്തിൻ്റെ 18 വാതിലുകൾ സ്വർണം പൂശും; ഉയരം എട്ടരയടി, ഭാരം 500 കിലോ, മനോഹര രൂപങ്ങൾ വാതിലുകളിൽ ഉണ്ടാകും

അയോധ്യയിലെ രാമ​ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ സ്ഥാപിച്ചിട്ടുള്ള വാതിലുകൾ സ്വർണം പൂശുമെന്ന് രാമക്ഷേത്ര ട്രസ്റ്റ്. വാതിലിൻ്റെ നിർമ്മാണം പുരോ​ഗമിക്കുകയാണെന്നും ജനുവരി ആദ്യവാരത്തോടെ സ്വർണം പൂശുന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

താഴത്തെ നിലയിൽ ചെമ്പിൻ്റെ പാളി ഘടിപ്പിച്ച് അതിന് മുകളിലാകും സ്വർണം പൂശുക. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച സ്വർണമാണ് വാതിലിൽ ഉപയോ​ഗിക്കുന്നതെന്ന് ട്രസ്റ്റ് അം​ഗം അനിൽ മിശ്ര പറഞ്ഞു.​ ഗാസിയബാദ് ആസ്ഥാനമായുള്ള ജ്വല്ലറിക്കാണ് സ്വർണ തകിടുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല.

500 കിലോ ഭാരവും എട്ടരയടി ഉയരവും 12 അടി വീതിയും നാല് ഇഞ്ച് കനവുമുള്ളതാണ് ഓരോ വാതിലും. ഏകദേശം എട്ട് പേരുണ്ടെങ്കിൽ മാത്രമാകും ഇത് ഉയർത്താൻ കഴിയൂ. ആനകൾ, താമരകൾ, മയിലുകൾ, സ്ത്രീകൾ തുടങ്ങിയവയുടെ മനോഹര രൂപങ്ങൾ വാതിലുകളിൽ ഉണ്ടാകും.

ശ്രീകോവിലിന് 46 വാതിലുകളാണുള്ളത്. ഇതിൽ താഴത്തെ നിലയിലുള്ള 18 വാതിലുകൾക്കാണ് സ്വർണം പൂശുക. മഹാരാഷ്‌ട്രയിലെ ചന്ദ്രപൂരിൽ നിന്ന് പ്രത്യേകമായി എത്തിച്ച തേക്കിൻ തടിയിലാണ് വാതിലുകളുടെ നിർമ്മാണം. ഹൈദരാബാ​ദിൽ നിന്നുള്ള കരകൗശല വിദഗ്‌ധരാണ്‌ വാതിലുകളിൽ കൊത്തുപ്പണികൾ നടത്തിയിരിക്കുന്നത്.

20 കരകൗശല തൊഴിലാളികളും മരപ്പണിക്കരും അടങ്ങുന്ന സംഘമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ വാതിലുകൾ നിർമ്മിക്കുന്നത്. ആറ് മാസത്തോളമായി അയോദ്ധ്യയിൽ താമസിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

0Shares