
ന്യൂഡൽഹി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയെ, ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ട് ഹാജരാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി. കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും എന്‍. ഐ. എക്ക് നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ വിവാഹം റദ്ദുചെയ്ത ഹൈക്കോടതി വിധിക്കെതിരെ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. എന്തും പറയാനാവില്ലെന്നും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമോ എന്നും ഷെഫിന് വേണ്ടി ഹാജരായ അഭിഭാഷകരായ കപില്‍ സിബലും ഇന്ദിരാജയ് സിംഗും വെല്ലുവിളിച്ചു. ഹാദിയയെ ഹാജരാക്കിയാല്‍ എല്ലാ പ്രശ്നവും തീരുമല്ലോ എന്ന വാദം തത്വത്തില്‍ അംഗീകരിച്ച കോടതി 24മണിക്കൂറിനുള്ളില്‍ ഹാദിയയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കേണ്ടി വരുമെന്ന് ഉത്തരവിടുകയായിരുന്നു.
ശഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും കോടതിയിൽ ഹാജരായി.
