
കാഞ്ഞങ്ങാട്(കാസർകാട്): മണിചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസിന് പിന്നാലെ ഹൊസ്ദുർഗ് പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊളത്തൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. വൻ തുക വാഗ്‌ദാനം ചെയ്‌ത് തന്നിൽ നിന്നും 2, 21,000 രൂപ വാങ്ങിച്ചതായി യുവതി പരാതിയിൽ പറയുന്നു.
വയലാംകുഴി സ്വദേശിയായ ജഗദീഷ്, ഇരിയ സ്വദേശികളായ വേണുഗോപാലൻ, വിനോദ് കുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാലിലെ ക്യൂ ലയൺസ് എജ്യുകേഷണൽ ട്രസ്റ്റ് കേന്ദ്രീകരിച്ചാണ് മണിചെയിൻ തട്ടിപ്പ് നടന്നത്. സ്ഥാപന നടത്തിപ്പുകാരായ കാഞ്ഞങ്ങാട്, ഇരിയ, സ്വദേശികളായ കെ.പ്രജീഷ്, പി.ബാലദാസ്, കെ.സുധീഷ് എന്നിവരെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സ്വകാര്യ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന റെയ്‌ഡിൽ വിലപ്പെട്ട രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.

വൻ തുക വാഗ്‌ദാനം ചെയ്‌ത് തന്നിൽ നിന്നും 1.20 ലക്ഷം തട്ടിയെടുത്തുവെന്ന് പയ്യന്നൂർ സ്വദേശി റെജിൽ നൽകിയ പരാതിയിലാണ് പയ്യന്നൂർ പോലീസ് മാവുങ്കാലിലെ സ്ഥാപനത്തിൽ നടത്തിയ റെയ്‌ഡിൽ വിലപ്പെട്ട തെളിവുകളുടെ രേഖകൾ പിടിച്ചെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തത്. കെ.വേണുഗോപാൽ, കെ.വിനോദ് കുമാർ എന്നിവരും ഈ കേസിൽ പ്രതികളാണ്. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ നിരവധിപേർ ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു.
കോടിക്കണക്കിന് രൂപയാണ് കാസർകോട് ജില്ലയിൽ നിന്നും മാത്രം മണിചെയിനിലൂടെ തട്ടിയെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ത്രീകളടക്കം നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരകളായതും സമ്പാദ്യങ്ങൾ നഷ്ട്ടപ്പെട്ടതും. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചതായും വിവരമുണ്ട്.
ഓൺലൈൻ മാർക്കറ്റിങ് നൽകുന്ന വാഗ്‌ദാനം എന്താണ്? കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക് ചെയ്യുക: https://www.channelrb.com/News/71581
