പീതാംബരന്‍ കുറ്റിക്കോല്‍
തൃശൂര്‍: നൃത്തതാളലാസ്യ ലയമൊരുക്കി നൃത്തയിനങ്ങളില്‍ മത്സരിച്ച മൂന്നെണ്ണത്തിലും ‘എ’ ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഭാരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം (സിംഗിള്‍) എന്നീ ഇനങ്ങളിലാണ് പാര്‍വതി കൃഷ്ണ പരാധീനതകളിലും നൃത്തവൈഭവം തെളിയിച്ചത്. രാഗമാലികയില്‍ ആദിതാളത്തില്‍ ചിട്ടപ്പെടുത്തിയ ഗാനത്തില്‍ സതീദേവിയുടെ ദക്ഷയാഗം വര്‍ണമാണ് ഭാരതനാട്യത്തിലൂടെ അരങ്ങിലെത്തിച്ചത്.
മഹാവിഷ്ണുവിന്റെ പത്‌നി അലമേല്‍ മങ്ക നായികയായിട്ടുള്ള തരംഗമാണ് കുച്ചുപ്പുടിയിലും അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി യു.പി വിഭാഗത്തില്‍ ജില്ലയില്‍ നിന്നും ഭാരതനാട്യത്തിലും, കുച്ചുപ്പുടിയിലും, നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. കയ്യൂര്‍ ഗവ. ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും ചെറുവത്തൂര്‍, മുഴക്കോം സ്വദേശിയായ കെ. ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളുമാണ്. ഉണ്ണികൃഷ്ണനും ബിന്ദുവും സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാരായി ജോലിചെയ്ത് ഉപജീവനം കഴിയുകയാണ്.
നീലേശ്വരം നൂപുരധ്വനി നൃത്ത വിദ്യാലയത്തിലെ രാജുമാഷിന്റെ ശിക്ഷണത്തിലാണ് ഭരതനാട്യവും, കുച്ചുപ്പുടിയും പരിശീലിച്ചത്. ബാബു പിലിക്കോടാണ് നാടോടിനൃത്തം അഭ്യസിപ്പിച്ചത്. സിനിമ- നാടക പ്രവര്‍ത്തകനും ബംഗലൂരുവില്‍ ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിയുമായ അതുല്‍ കൃഷ്ണന്‍ സഹോദരനാണ്.