തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള അമ്പതോളം ജില്ലാ -ജനറൽ ആശുപത്രികളുടെ വിഭാഗത്തിൽ മത്സരിച്ചാണ് ആശുപത്രി ഒന്നാംസ്ഥാനം നേടിയത്. വൻകിട ആശുപത്രികൾക്ക് ഗ്രാമീണ ആരോഗ്യ മിഷൻ സംസ്ഥാന തലത്തിൽ നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന മലബാർമേഖലയിലെ ആദ്യത്തെ ആശുപത്രിയാണ് കാഞ്ഞങ്ങാട്. സ്റ്റേറ്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസറുടെ മേൽനോട്ടത്തിലുള്ള പരിശോധനാ സംഘം ആശുപത്രിയുടെ വൃത്തി, പരിസര ശുചിത്വം, ഭൗതികസാഹചര്യങ്ങൾ, രോഗി ബോധവൽക്കരണം അണുബാധ നിയന്ത്രണം, മാലിന്യസംസ്കരണം മുതലായ നിരവധി ഘടകങ്ങൾ പരിശോധിച്ചതിനുശേഷമാണ് അവാർഡ് നൽകിയത്. 2006ൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ട ജില്ലാ ആശുപത്രിക്ക് അടുത്തിടെയുള്ള വർഷങ്ങളിൽ ഉണ്ടായ വൻ പുരോഗതിയുടെ അടയാളമാണ് ആശുപത്രിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ രോഗികളുടെ തിരക്ക് എന്ന് വിലയിരുത്തപ്പെട്ടു. കാസർഗോഡ് ജില്ലയിലെ ആശുപത്രികളുടെ ചരിത്രത്തിലാദ്യമായി മൂന്നേകാൽ ലക്ഷത്തിലധികം op രോഗികളാണ് കഴിഞ്ഞ വർഷം ആശുപത്രിയിലെത്തിയത്. പതിനാറായിരത്തിലധികം അഡ്മിറ്റ് രോഗികളും, 2500 ലേറെ ശസ്ത്രക്രിയകൾ നടക്കുന്ന ഈ ആശുപത്രിയിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഇ.എൻ.ടി, അസ്ഥിരോഗ, നേത്രരോഗ, ശസ്ത്രക്രിയകൾ നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സിസേറിയൻ നിരക്കുള്ള ആശുപത്രികളിൽ ഒന്നുകൂടിയാണിത്. ഈവർഷം ഡെങ്കിപ്പനി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേകം അഭിനന്ദനവും ആശുപത്രി പിടിച്ചുപറ്റിയിരുന്നു.
ആധുനിക രീതിയിലുള്ള വിശാലമായ കാഷ്വാലിറ്റി കം ട്രോമാകെയർ യൂണിറ്റ്, 24 മണിക്കൂർ ബ്ലഡ് സെപ്പറേഷൻ യൂണിറ്റ് കൂടിയ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, നാഷണൽ അക്രഡിറ്റേഷനുള്ള 24 മണിക്കൂർ ലാബ്, മോഡേൺ ഫാർമസി, അത്യാധുനിക പ്രസവമുറി, രണ്ടു നിലകളിലായുള്ള ഓപ്പറേഷൻ തിയറ്റർ, സി.ടി സ്കാൻ, മാമോഗ്രാം , കീമോതെറാപ്പി- ക്യാൻസർ വാർഡ് തുടങ്ങിയ ആശുപത്രിയിലെ സൗകര്യങ്ങളുടെ നീണ്ട നിര ഇങ്ങനെ പോവുകയാണ്. പണി പൂർത്തിയായി ക്കൊണ്ടിരിക്കുന്ന ആർദ്രം ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നതോടുകൂടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഓപി കളും തുടങ്ങാനാണ് പദ്ധതി.
ഹൃദ്രോഗികൾക്കുള്ള കാത്ത് ലാബ് നിർമ്മാണത്തിനുള്ള അനുമതിയും ലഭിച്ചു കഴിഞ്ഞു. സ്ഥലം പരിമിതിയും ജീവനക്കാരുടെ കുറവും ഉണ്ടായിട്ടും നല്ലനിലയിൽ മുന്നോട്ടുപോകുന്ന ആശുപത്രിയുടെ പ്രവർത്തനം ഒന്നുകൂടി മെച്ചപ്പെടുത്താൻ ഈ അവാർഡ് സഹായകമായേക്കും. കഴിഞ്ഞവർഷം കായകൽപത്തിൽ രണ്ടാംസ്ഥാനവും ആരോഗ്യകേരളം അവാർഡും ആശുപത്രിക്ക് ലഭിച്ചിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോക്ടർ സ്റ്റാൻലി, RMO ഡോക്ടർ റിജിത് കൃഷ്ണൻ, ഡോക്ടർ റിയാസ്, ജില്ല ക്വാളിറ്റി ഓഫീസർ ലിബിയ, നഴ്സിങ് സൂപ്രണ്ട് മാരായ ലിസി, രജനി, കോഡിനേറ്റർ ദിനേശ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സേതുമാധവൻ, ഹെഡ് നഴ്സ് അച്ചാമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളെയും യുവജന സംഘടനകളെയും വിദ്യാർത്ഥികളെയും സാമൂഹ്യ സംഘടനകളെയും സഹകരിപ്പിച്ച് നടത്തിയ കഠിനപ്രയത്നമാണ് ആശുപത്രിയെ ഇന്നത്തെ അവാർഡിന് സജ്ജമാക്കിയത്. തിരുവനന്തപുരത്തു വച്ച് നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.
സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി; കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം