
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്‍റെ ബന്ധുക്കള്‍ ബി.ജെ.പിയിലെത്തിയെന്ന് കൊട്ടിഘോഷിച്ച ബി.ജെ.പി കേരളാ നേതാക്കള്‍ നാണംകെട്ടു. തങ്ങള്‍ മുന്‍പേതന്നെ ബി.ജെ.പി അനുഭാവികളാണെന്നും ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു. ഇങ്ങിനെയൊരു ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന ശശികുമാര്‍ പ്രതികരിച്ചു.

കര്‍മ്മസമിതിയിലെ അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്‍റെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അവര്‍ തയ്യാറായതുമില്ല. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്‍റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം. ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങിലേക്ക് ഇവരെ ക്ഷണിച്ച് അംഗത്വ വിതരണം നടത്തുകയും ചെയ്തു. ഈ വിവരം മാധ്യമങ്ങളെയും നേരത്തെ തന്നെ വിളിച്ചറിയിച്ചിരുന്നു. ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കമുള്ള പത്ത് പേരെയാണ് ബി.ജെ.പി ചടങ്ങിനെത്തിച്ചത്.
നേതാക്കളില്‍ നിന്നും അംഗത്വം വാങ്ങിയ കുടുംബാംഗങ്ങള്‍ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ എളുപ്പം വേദി വിടുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ അവരെ സമീപിച്ചപ്പോഴാണ് ബി.ജെ.പിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും എന്തിനാണ് അംഗത്വ വിതരണ ചടങ്ങ് ഇപ്പോള്‍ നടത്തിയത് എന്ന് അറിയില്ലെന്നും പ്രതികരിച്ചത്.
