കാസർകോട്: മുളിയാറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുളിയാര്‍ കെട്ടും കല്ലിലെ എം.കെ മൊയ്തീനെ(33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 8- ാം തിയതി രാവിലെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളിലേക്ക് പോകുമ്പോളാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെങ്കിലും കുട്ടി വിസമ്മതിച്ചപ്പോള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

കുട്ടി നിലവിളിച്ചപ്പോള്‍ സ്‌കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ഇറക്കിവിടുകയായിരുന്നു. ഓടി സ്‌കൂളിലെത്തിയ കുട്ടി അധ്യാപകരോട് വിവരം പറയുകയും തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ഥലത്തെ ഒരു വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.