വാഗ്‌ദേവതാ സന്നിധിയില്‍ ഗാനഗന്ധര്‍വന് പിറന്നാള്‍ ദര്‍ശന പുണ്യം.

  • Post category:news
  • Reading time:1 min read
You are currently viewing വാഗ്‌ദേവതാ സന്നിധിയില്‍ ഗാനഗന്ധര്‍വന് പിറന്നാള്‍ ദര്‍ശന പുണ്യം.

കൊല്ലൂര്‍: പിറന്നാള്‍ ദര്‍ശന പുണ്യത്തിനായി ഇഷ്ട ദേവതാ ദര്‍ശനത്തിന് എത്തിയ മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മഭൂഷണ്‍ ഡോ.കെ.ജെ യേശുദാസ് ആത്മ നിര്‍വൃതിയോടെ ചെന്നൈയിലേക്ക് മടങ്ങി. യേശുദാസിന്റെ 77 ാം പിറന്നാളായിരുന്നു ചൊവ്വാഴ്ച്ച. പിറന്നാള്‍ തലേന്നു തന്നെ കൊല്ലൂരിലെത്തിയ അദ്ദേഹം ദീപാരാധാന തൊഴാന്‍ സന്ധ്യയോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നലെ പിറന്നാള്‍ ദിനത്തില്‍ രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യേശുദാസിനെയും ഭാര്യ പ്രഭ യേശുദാസിനെയും മൂകാംബികാ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണ മൂര്‍ത്തി പൊന്നാടയണിയിച്ച് താലം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് ദേവിയെ തൊഴുത് വണങ്ങിയ അദ്ദേഹം വിവിധ വിശേഷാല്‍ പൂജകളിലും ചണ്ഡികാ ഹോമത്തിലും സംബന്ധിച്ചു.

യേശുദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് കൊല്ലൂര്‍ മൂകാംബിക സംഗീതാരാധാനാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംഗീതാര്‍ച്ചനയില്‍ അദ്ദേഹം പങ്കെടുത്തു. യേശുദാസിനോടൊപ്പം ഗായകന്‍ മകന്‍ വിജയ് യേശുദാസും കീര്‍ത്തനങ്ങള്‍ ആലപിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഗീതാരാധന സമിതി ഇത് 17 ാം തവണയാണ് സംഗീതാര്‍ച്ചന നടത്തുന്നത്. ക്ഷേത്ര സന്നിധിയിലെ സ്വര്‍ണ്ണ മുഖി മണ്ഡപത്തില്‍ നടന്ന സംഗീതാര്‍ച്ചനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സംഗീത പ്രതിഭകള്‍ ഗാനാര്‍ച്ചന നടത്തി.

സംഗീതാരാധനാ സമിതിയുടെ മൂന്നാമത് ‘സൗപര്‍ണ്ണികാമൃതം’ പുരസ്‌കാരം നേടിയ പ്രശസ്ത സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് യേശുദാസ് പുരസ്‌കാരം സമ്മാനിച്ചു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലും ഗാനഗന്ധര്‍വന്‍ മൂകാംബികാ ദേവിക്ക് മുന്നില്‍ സംഗീതാര്‍ച്ചന നടത്തി. മൂന്നുനാള്‍ വാഗ്‌ദേവതാ സന്നിധിയില്‍ തങ്ങിയ യേശുദാസും കുടുംബവും ഇന്നു വൈകീട്ടാണ് മടങ്ങിയത്. യേശുദാസിനെ നേരില്‍ കാണാനും പിറന്നാള്‍ ആശംസ അര്‍പ്പിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഇക്കുറിയും നൂറു കണക്കിനാളുകള്‍ കൊല്ലൂരിലെത്തിയിരുന്നു.

0Shares