
മുതിര്‍ന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബി.ജെ.പിയിലേക്ക് കൂറുമാറിയതാണ് ഇപ്പോൾ ദേശീയ തലത്തില്‍ തന്നെ ചർച്ച വിഷയമായിരിക്കുന്നത്. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച സമീപനത്തോട് യോജിപ്പില്ലാത്തതിനാലാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് ടോം വടക്കൻ പ്രതികരിച്ചിട്ടുണ്ടെങ്കിലും യാഥാർത്ഥത്തിൽ കൂറുമാറ്റത്തിനുള്ള കാരണങ്ങൾ മറ്റ് പലതാണെന്നാണ് രാഷ്ട്രീയ വിദഗ്ദർ വിലയിരുത്തുന്നത്.

മലയാളിയാണെങ്കിലും കേരളത്തിലെ എണ്ണം പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ പട്ടികയെടുത്താൻ അവയിൽ അത്ര ശ്രദ്ധേയനല്ല ടോം വടക്കൻ. എന്നാല്‍ ദേശീയ തലത്തിൽ കോൺഗ്രസ് വക്തവായി ചാനൽ ചർച്ചകളിൽ എത്തുന്നത് ടോം വടക്കനാണ്. സ്വന്തം നാടായ കേരളത്തില്‍ രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ഏറെക്കാലമായി ടോം വടക്കാൻ ആഗ്രഹിച്ചിരുന്നു. അതില്‍ സ്വന്തം നാടായ തൃശ്ശൂരിൽ നിന്ന് മത്സരിക്കാനും ടോം വടക്കന് താൽപര്യമുണ്ടായിരുന്നു. എന്നാൽ പലപ്പോഴും പല കാരണങ്ങളാല്‍ അയാൾ തടയപ്പെട്ടു.
2009ല്‍ കേരളത്തിൽ നിന്ന് മത്സരിക്കാനുള്ള തൽപര്യം ടോം വടക്കൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അന്ന് അത് നടന്നില്ല. അതിന് ശേഷം 2014ലും മത്സരിക്കാനുള്ള ആഗ്രഹവുമായി ടോം വടക്കൻ നേതൃത്വത്തെ സമീപിച്ചെങ്കിലും തൃശൂരും ചാലക്കുടിയും വച്ചുമാറുന്ന ചര്‍ച്ചകള്‍ക്കും പരാതികള്‍ക്കുമിടെ ടോം വടക്കന്‍ വീണ്ടും തഴയപ്പെട്ടു. സംഘടനയില്‍ ശശി തരൂരിനെ പോലുള്ളവർക്ക് കിട്ടുന്ന പ്രധാന്യം തനിക്ക് ലഭിക്കുന്നില്ലെന്നത് ടോം വടക്കനെ അതൃപ്തനുമാക്കിയിരുന്നു.
ഇക്കുറിയും തനിക്ക് സീറ്റു ലഭിക്കുന്നില്ലെന്ന് വ്യക്തമായതോടെയാണ് ബി.ജെ.പി വച്ചു നീട്ടിയ സീറ്റു തേടി ടോം വടക്കൻ പോകുന്നത്. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസ് രീതിയെന്ന് ഡല്‍ഹിയില്‍ ടോം വടക്കന്‍ പറഞ്ഞിരുന്നു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കന്‍. ഇത്തവണ കേരളത്തിൽ നിന്ന് മത്സരിക്കാൻ ബി.ജെ.പി പക്ഷത്ത് ഉണ്ടാകുമെന്നത് ഉറപ്പാണ്.
