മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിരയുമായി ഇന്നു അരങ്ങിലെത്തും

  • Post category:local news
  • Reading time:1 min read
You are currently viewing മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിരയുമായി ഇന്നു അരങ്ങിലെത്തും

കാഞ്ഞങ്ങാട്: ജില്ലയില്‍ ആദ്യമായി മെഗാ തിരുവാതിര അരങ്ങിലെത്തിച്ച യുവ കൊറിയോഗ്രാഫര്‍ തൻ്റെ അന്‍പതാമെത്തെ മെഗാ തിരുവാതിര അരങ്ങേറ്റാനൊരുങ്ങുന്നു. വെള്ളിക്കോത്തെ ശ്രീരേഷ് രത്നാകരനാണ് ശനിയാഴ്ച അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസമീപത്തെ മൈതാനിയില്‍ അന്‍പതു പേരുടെ മെഗാ തിരുവാതിര ഒരുക്കുന്നത്. ക്ലബിന്റെ മുപ്പതാം വാര്‍ഷികാഘോഷ ഭാഗമായി ഇന്നു വൈകിട്ട് ഏഴിനാണു പരിപാടി.
അന്‍പതാമത്തെ മെഗാ തിരുവാതിരയില്‍ ചുവടു വയ്ക്കുന്നത് 50 പേരാണെന്ന പ്രത്യേകതയുമുണ്ട്. വെള്ളിക്കോത്ത് നെഹ്റു ബാലവേദി സര്‍ഗ വേദിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീരേഷ് ആദ്യ മെഗാതിരുവാതിര ഒരുക്കിയത്. നൂറു പേരാണ് അന്നു ചുവടു വച്ചത്. പരമ്പരാഗത നൃത്താസ്വാദകര്‍ അന്നു നെറ്റി ചുളിച്ചെങ്കിലും ശ്രീരേഷ് അവതരിപ്പിച്ച മെഗാ തിരുവാതിര ഹിറ്റാകാന്‍ അധിക കാലം വേണ്ടി വന്നില്ല. ജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലും ക്ഷേത്രം, തറവാട് അങ്കണങ്ങളിലും ക്ലബ് വാര്‍ഷികങ്ങളിലും മെഗാ തിരുവാതിര ട്രെന്‍ഡ് ആയിക്കഴിഞ്ഞു. 150 പേരെ വച്ച് പാക്കം വെളുത്തോളിയിലും പയ്യന്നൂരിലും അരങ്ങൊരുക്കി. ബല്ലത്തപ്പന്‍ ക്ഷേത്രത്തില്‍ 100 പേരുടെ തിരുവാതിര ഒരുക്കി. രാജസ്ഥാനിലെ സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മെഗാ തിരുവാതിരയ്ക്കൊപ്പം ഒപ്പനയും മാര്‍ഗം കളിയും അരങ്ങേറ്റി.തല്‍സമയം പാട്ടു പാടി പരമ്പരാഗത രീതിയില്‍ കുരവയിട്ട് ഗണപതിയെ ഉണര്‍ത്തി വന്ദനശ്ലോകവും മംഗളവും പാടിയാണ് ഈ യുവ നര്‍ത്തകന്‍ തിരുവാതിര പരിശീലിപ്പിക്കുന്നത്. നൃത്താധ്യാപികയായ ലീലാമ്മ തൃശൂരില്‍ നടത്തുന്ന തിരുവാതിരക്കളരിയില്‍ കൂടുതല്‍ പഠിക്കാന്‍ ശ്രീരേഷ് എത്താറുണ്ട്. മലയാള മനോരമ പയ്യന്നൂരില്‍ നടത്തിയ തിരുവാദരം പരിപാടിയിലെ ക്ലാസുകളിലും സംബന്ധിച്ചു. ജന്മനാടായ വെള്ളിക്കോത്ത് വരുന്ന ഓണക്കാലത്ത് 500 പേരുടെ മോഹിനിയാട്ടം ഒരുക്കാനുള്ള ശ്രമത്തിലാണ് ശ്രീരേഷ്.

0Shares