മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ കനത്ത ജാഗ്രത നിര്‍ദ്ദേശം. കേരള, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈമാസം 13 വരെ മഴ തുടരും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധത്തിനു കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ശക്തമായ മഴയെതുടര്‍ന്ന് സംസ്ഥാനത്തെ പല ജില്ലകളിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മലയോര മേഖലയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ റോഡില്‍ മണ്ണിടിഞ്ഞു. മഴ കനത്തോടെ തീരമേഖല കടലാക്രമണ ഭീഷണിയിലാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്.

0Shares