മരട് ഫ്ലാറ്റ്: പൊളിക്കൽ നടപടികൾക്ക് തുടക്കമായി; വാതിലുകളും ജനലുകളും പൂർണമായും മാറ്റിത്തുടങ്ങി; കായൽ മലിനമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ

  • Post category:news
  • Reading time:1 min read
You are currently viewing മരട് ഫ്ലാറ്റ്: പൊളിക്കൽ നടപടികൾക്ക് തുടക്കമായി; വാതിലുകളും ജനലുകളും പൂർണമായും മാറ്റിത്തുടങ്ങി; കായൽ മലിനമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ

മരട്ഫ്ലാറ്റുകളിൽ പൊളിക്കൽ നടപടികൾക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യ സംഭവം ആയതിനാൽ ഇൻഷുറൻസ്, സുരക്ഷ എന്നിവ സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ ഉള്ളതിനാലാണ് കാരാർ ഒപ്പിടൽ വൈകുന്നതെങ്കിലും സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമയക്രമമനുസരിച്ചു കാര്യങ്ങൾ പുരോഗമിക്കുന്നുണ്ട്.

ആൽഫ സെറിൽ, ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്ലാറ്റുകളിലെ ജനലുകളും വാതിലുകളും മാറ്റിത്തുടങ്ങി. 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്ലാറ്റും പൊളിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖ സർക്കാരിന് കൈമാറും. 14 ദിവസത്തിനുള്ളിൽ കരാർ ഒപ്പിടും.

പൊളിക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ജനുവരി 9ന് മുൻപ് പൂർത്തിയാക്കാൻ സാധിക്കും വിധമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. കായൽ മലിനമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പൊളിക്കാൻ തീരുമാനിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ശുചിമുറി, മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തത് അദ്ഭുതപ്പെടുത്തിയെന്ന് സ്നേഹിൽകുമാർ സിങ് പറഞ്ഞു.

കോടതി നിര്‍ദ്ദേശം മുന്നിലുള്ളതിനാൽ നടപടിക്രമങ്ങൾക്ക് നഗരസഭാ കൗൺസിൽ അംഗീകാരം ആവശ്യമില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി സ്നേഹിൽകുമാർ സിങ് പറഞ്ഞു. വാതിലുകളും ജനലുകളും പൂർണമായും മാറ്റിയാൽ അകത്തെ ഭിത്തികൾ പൊളിച്ചു മാറ്റും. കോൺക്രീറ്റ് ഭാഗം മാത്രമാകുമ്പോഴാണ് നിയന്ത്രിത സ്ഫോടനം നടത്തുക.

പൊളിക്കുന്നതിന് മുന്നോടിയായി സെപ്റ്റിക് ടാങ്കുകളും മാലിന്യമുക്തമാക്കും. പൊളിച്ചിടുന്ന അവശിഷ്ടം നീക്കം ചെയ്യാൻ ടെൻഡർ വിളിക്കും. ഹോളി ഫെയ്ത്ത് ഫ്ലാറ്റിന്‍റെ തൊട്ടടുത്ത വീട്, ഗോൾഡൻ കായലോരത്തിന്‍റെ സമീപത്തെ അങ്കണവാടി, ജെയ്ൻ കോറൽ കോവിന് സമീപത്തെ വീട് എന്നിവയ്ക്ക് സുരക്ഷാ കവചം ഒരുക്കും.

0Shares