കാസര്‍കോട്: ‘ഫാസിസത്തിനെതിരെ മതേതര പ്രതിരോധം’ എന്ന പ്രമേയം മുന്‍നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന കാമ്പയിന്‍ ആഗസ്ത് 16 ബുധനാഴ്ച് വൈകിട്ട് നാല് മണിക്ക് ഉളിയത്തടുക്കയില്‍ നടക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രമേയ പ്രഭാഷണവും ദേശീയ വൈസ് പ്രസിഡന്റ് ഫൈസല്‍ ബാബു, സിദ്ധീഖലി രങ്ങാട്ടൂര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെ ജില്ലാ ഭാരവാഹികളും പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും. കാമ്പയിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ യുവസംഗമങ്ങള്‍ നടത്തും. പ്രവര്‍ത്തകരും നേതാക്കളും വീടുകള്‍ കയറി ക്യാമ്പയിന്‍ സന്ദേശമടങ്ങുന്ന ലഘുലേഖ കൈമാറും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ യാത്രകളും സെമിനാറുകളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും. കാമ്പയിന്‍ ഡിസംബര്‍ അവസാനം സമാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രാജ്യം വ്യാപിച്ച ഫാസിസത്തിന്റെ കേരളീയ പരീക്ഷണ ശാലയായി കാസര്‍കോടിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. അക്രമങ്ങള്‍ അഴിച്ചുവിട്ടും കുത്തിപ്പരിക്കേല്‍പ്പിച്ചും വെട്ടിക്കൊന്നും സംഘ്പരിവാര്‍ നടത്തുന്ന ഉന്മൂലന ശ്രമത്തിലൂടെ ലക്ഷ്യം വക്കുന്നത് കലാപവും രാഷ്ട്രീയ മേല്‍ക്കോയ്മയും അധികാരവുമാണ്. പഴയ ചൂരിയിലെ മുഹിയദ്ധീന്‍ ജുമാ മസ്ജിദില്‍ കയറി മുഅദ്ദിനായ റിയാസ് മൗലവിയെ വെട്ടിക്കൊന്നത് ഇതിനുദാഹരണമാണ്. കാസര്‍കോടും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളും കലാപ ശ്രമവും ഇല്ലാതാക്കുന്നത് സാഹോദര്യത്തിന്റെയും നന്മയുടെയും സംസ്‌കാരത്തെയാണ്. മതേതര ചേരിയുടെ ശാക്തീകരണം ലക്ഷ്യം വച്ചാണ് യൂത്ത് ലീഗ് ഇത്തരമൊരു കാമ്പയിന് മുന്നിട്ടിറങ്ങിയത് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍ സംബന്ധിച്ചു.