പ്രളയ ദുരന്തം:10,000 രൂപ പ്രളയദുരിതാശ്വാസവും 53 ലക്ഷം പേര്‍ക്ക് പെന്‍ഷനും ഓണത്തിന് മുന്‍പ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയ ദുരന്തം:10,000 രൂപ പ്രളയദുരിതാശ്വാസവും 53 ലക്ഷം പേര്‍ക്ക് പെന്‍ഷനും  ഓണത്തിന് മുന്‍പ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നല്‍കുക. ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. ഓണത്തിനുമുമ്പ്‌ സംസ്ഥാനത്തെ 53.04 ലക്ഷംപേർക്ക്‌ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കും.

മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത്‌ 3600 രൂപവീതം ലഭിക്കും. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ്‌ ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ വിതരണം 24ന്‌ ആരംഭിക്കും. ബാങ്ക്‌ അക്കൗണ്ടിലേക്ക് 29 മുതൽ പെന്‍ഷന്‍തുക എത്തും. ക്ഷേമനിധി പെൻഷൻ വിതരണവും അന്നുതന്നെ ആരംഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ്‌ എന്ന കമ്പനി വഴിയാണ്‌ പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ്‌ പെന്‍ഷന്‍ അർഹത. 46,47, 616 പേർക്കാണ്‌ സാമൂഹ്യസുരക്ഷാ പെൻഷൻ.

ഇതിൽ 24,27,716 പേർക്കുള്ള 892.89 കോടിരൂപ ബാങ്ക്‌ അക്കൗണ്ടുവഴി നൽകും. 22,19,900 പേർക്ക്‌ 823.58 കോടിരൂപ സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ വീടുകളിൽ എത്തിക്കും.സർക്കാർ ധനസഹായം ഉപയോഗിച്ച്‌ പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളിൽ 16 മേഖലയിൽപ്പെട്ട 6,56,476 തൊഴിലാളികളുണ്ട്‌. ഇവർക്കെല്ലാം അതത്‌ ബോർഡുകൾ വഴിയാണ്‌ വിതരണം. ജില്ലാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും പ്രളയ ദുരിതാശ്വാസത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക.

ഇതിന് മന്ത്രിമാര്‍ നേരിട്ടെത്തി നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ തവണ ചെയ്തതുപോലെ സാലറി ചലഞ്ച് വഴി ഒരുമാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കേണ്ടതില്ല. എന്നാല്‍ ഉത്സവബത്തയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ബോണസ് പഴയപടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓണാഘോഷം ചെലവുചുരുക്കി നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രാദേശിക കലാകാരന്മാര്‍ക്ക് സഹായകരമാണ് ഓണാഘോഷം. അതിനാല്‍ കഴിഞ്ഞ തവണ ഓണാഘോഷം നിര്‍ത്തിവെച്ചതുപോലുള്ള കര്‍ശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

0Shares