പിണറായി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

  • Post category:news
  • Reading time:1 min read
You are currently viewing പിണറായി സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാസര്‍കോട്: മോഹന വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ എത്തിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഭരണത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒമ്പത് മാസത്തിനുള്ളില്‍ സംസ്ഥാനം നാനാരംഗങ്ങളില്‍ പിന്നോക്കം പോയതായി അദ്ദേഹം കുറ്റപ്പെടുത്തി. കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ക്രമസമാധാനനില പാടെ തകര്‍ന്നു. അടിക്കടി പെരുകുന്ന സ്ത്രീ പീഡനങ്ങള്‍, നിര്‍വീര്യമായ പോലീസ്, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധന, രാഷ്ട്രീയ സഘട്ടനങ്ങള്‍, ക്രിമിനലുകളുടെ വിളയാട്ടം, ഇച്ഛാശക്തി ചോര്‍ന്നുപോയ സര്‍ക്കാര്‍- ഇതൊക്കെയാണ് പിണറായി സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ സാക്ഷ്യ പത്രങ്ങളെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അസഹിഷ്ണുതയും ധാര്‍ഷ്ട്യവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്നും നിയമസഭയില്‍ ഉണ്ടായത്. പ്രതിപക്ഷത്തെ കേരളീയ ജനതയ്ക്ക് മുന്നില്‍ താഴ്ത്തി കെട്ടാനും തേജോവധം ചെയ്യാനുമാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും പ്രതിപക്ഷത്തെ തളര്‍ത്താന്‍ സാധിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം ഉപ തെരഞ്ഞെടുപ്പിന് മുന്‍പ് കെ.പി.സി.സി യുടെ പുതിയ അദ്ധ്യക്ഷന്‍ ചുമതല ഏല്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വി.എം സുധീരന്റെ രാജി തികച്ചും വ്യക്തിപരമാണെന്നും അനാരോഗ്യം കൊണ്ടാണ് അദ്ദേഹം രാജിവെക്കാന്‍ സന്നദ്ധനായതെന്നും അതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും പ്രസക്തിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പാര്‍ലമെന്റ് ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ കാര്‍ഡ് പ്രയോഗിച്ചാണ് ബി.ജെ.പി നേട്ടം കൊയ്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
0Shares