കാസര്‍കോട്: നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന എട്ടാം അന്താരാഷ്ട്ര ലിംഫഡീമ ഫ്രെയിംവര്‍ക് (ഐ.എല്‍.എഫ്) സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്പ്‌ലൈഡ് ഡര്‍മറ്റോളജി (ഐ.എ.ഡി), കാസര്‍കോടും പങ്കെടുക്കുന്നു.
മന്ത് രോഗം മൂലം ദുരിതം അനുഭവിക്കുന്നവരുടെ ചികിത്സയ്ക്കായി ഐ.എ.ഡി വികസിപ്പിച്ച സംയോജിത ചികിത്സ രീതി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. നെതെര്‍ലാന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരേയാണ് സമ്മേളനം. മന്ത് അഥവാ ലിംഫെഡീമയുടെ ചികിത്സയ്ക്ക് യോഗ എങ്ങനെ ഗുണകരമാവുന്നു എന്ന വിഷയത്തില്‍ ഐ.എ.ഡി ചീഫ് ആയുര്‍വേദ കണ്‍സല്‍ട്ടന്റ് ഡോ. ഗുരുപ്രസാദ് അഗ്ഗിത്തായ രണ്ട് പ്രത്യേക സെഷനുകള്‍ നടത്തും.
സ്തനാര്‍ബുദം മൂലം ഉണ്ടാവുന്ന ലിംഫെഡീമയെ പറ്റിയും അദ്ദേഹം സംസാരിക്കും. മന്ത് രോഗ നിര്‍മാര്‍ജനത്തിനായി രണ്ട് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത സംയോജിത ചികിത്സാ രീതിക്ക് ലോകമെമ്പാടും അംഗീകാരം ലഭിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും ഇത്തരം ചികിത്സാ രീതിയില്‍ യോഗയ്ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്താന്‍ മികച്ച ഒരു അവസരം ആണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ഡയറക്ടറും പ്രശസ്ത ത്വക്ക് രോഗ വിദഗ്ധനും ആയ ഡോ.എസ്.ആര്‍.നരഹരി പറഞ്ഞു. സംയോജിത ചികിത്സാ രീതിയിലൂടെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള അയ്യായിരത്തോളം മന്ത് രോഗികള്‍ക്കു ഇതിനകം ഐ.എ.ഡി. ചികിത്സ നല്‍കിക് കഴിഞ്ഞു. മന്തിന് പുറമെ വെള്ളപ്പാണ്ട്, സോറിയാസിസ്, ലൈക്കന്‍ പ്ലാന്‌സ് തുടങ്ങിയ രോഗങ്ങള്‍ക്കും ഐ.എ.ഡിയുടെ സംയോജിത ചികിത്സാ രീതി ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
നെതര്‍ലന്‍ഡ്‌സില്‍ നടക്കുന്ന എട്ടാം അന്താരാഷ്ട്ര ലിംഫഡീമ ഫ്രെയിംവര്‍ക് സമ്മേളനത്തില്‍ കാസര്‍കോട്ടെ ഐ.എ.ഡി സ്ഥാപനവും പങ്കെടുക്കും