
വയനാട്: സ്റ്റീഫന്‍റെ ജീവിതകഥ യൂട്യുബിലും വാട്ട്സ് ആപ്പിലും കൈമാറാൻ ആളുണ്ടെങ്കിലും കാര്യമായ സഹായങ്ങൾ എവിടെ നിന്നും ഇതുവരെ കിട്ടിയിട്ടില്ല. നിയമങ്ങളുടെ സാങ്കേതികത്വത്തിൽ സർക്കാരിന്‍റെ വീട് പദ്ധതി ആനുകൂല്യം ലഭിക്കാത്ത പശ്ചാത്തലത്തിൽ വയോവൃദ്ധനായ സ്റ്റീഫന് ഈയിടെ കരുണയുള്ളവരുടെ സഹായഹസ്തം ലഭിച്ചു.
വയനാട്, പടിഞ്ഞാറത്തറ, തളിപ്പാറ സ്വദേശിയായ അറുപത്തിയേഴുകാരനായ സ്റ്റീഫൻ വിധിയെ വെല്ലുവിളിച്ച് കാഴ്ചയില്ലാത്ത മൂന്ന് പെൺമക്കളുള്ള ഹതഭാഗ്യരുടെ കുടുംബവുമായി കൂലിപ്പണിയെടുത്ത് ജീവിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ, സ്റ്റീഫൻ ഇപ്പോൾ ആരോഗ്യവാനല്ല, പ്രായാധിക്യം മൂലം നരകയാതനയിൽ ദുരവസ്ഥയിലായിരിക്കുകയാണ്.

സ്റ്റീഫൻ -സുമതി ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണ്. മൂന്നുപേരും ജന്മനാകാഴ്ചയില്ലാത്തവരാണ്. ഈയടുത്താണ് ജനമൈത്രി പോലീസും ഉദാരമതികളായ പെയിൻ ആൻറ് പലിയേറ്റീവും ചേർന്ന് സ്റ്റീഫന് വീട് നിർമ്മിച്ചുകൊടുക്കാൻ തീരുമാനിച്ചത്.

ജനമൈത്രി പോലീസിലെ കെ.പി മുരളിധരൻ, സി.പി.ഒ സുമേഷ് താഴെ കൊല്ലിയേരി, എന്നിവർ വീട് നിർമാണത്തിന് നേതൃത്വം നൽകുന്നു. നാട്ടിലെ സുമനസുകളിൽ നിന്നാണ് നിർമാണത്തിന് സാധന സാമഗ്രികൾ ശേഖരിക്കുന്നത്. സിമന്റ്, ടൈൽസ്, തൂണുകൾ, വയറിങ്, പ്ലംബിങ്, സാനിറ്ററി മെറ്റീരിയലുകൾ, വാതിൽ, ജനൽ പാളികൾ, പുതിയ ഫർണിച്ചറുകൾ, കുക്കിങ് മെറ്റീരിയലുകൾ തുടങ്ങിയവയാണ് ആവശ്യമുള്ളത്.
സ്റ്റാന്റ് വിത്ത് വയനാടിന്‍റെ കളക്ഷനിൽ നിന്ന് ഒൻപത് വാതിൽക്കട്ടിലകളും, നാല് ജനലുകളും കൈമാറി. ഇത് ഒരു ചെറിയ കാര്യമല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എല്ലാ സുമനസുകളും ഇത്തരം സംരംഭങ്ങൾക്ക് ഒപ്പം നിൽക്കണമെന്ന് കവിയും സ്റ്റാന്റ് വിത്ത് വയനാടിന്‍റെ പ്രവർത്തകനുമായ ജിത്തു തമ്പുരാൻ ചാനൽ ആർ.ബിയോട് പറഞ്ഞു. വിവരങ്ങൾക്ക് വയനാട്, പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടാം. നമ്പർ: 04936 273 401.
